pushpamgad.blogspot

pushpamgad.blogspot
സ്വാഗതം.

2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

മഹാബലി രാമായണത്തില്‍ .

ആത്മ വിദ്യ അടങ്ങുന്ന ചരിത്ര കഥകള്‍ക്ക് ഒരു പ്രശ്നം സംഭവിക്കാറുണ്ട് .
മനസ്സിലാക്കാന്‍ പ്രയാസമുള്ള ആത്മ വിദ്യ ഭാഗം ഉപേക്ഷിച്ചു കഥകള്‍ മാത്രം പുറത്തേക്ക് അതിവേഗം പ്രചരിക്കും .
കാമ്പ് നഷ്ടപ്പെട്ട അവ ലക്‌ഷ്യം തെറ്റി എന്തൊക്കെയോ ആയിത്തീരും .

രാമായണത്തിലെ ആത്മ വിദ്യ പ്രതിപാദിക്കുന്ന ഭാഗമാണ് യോഗ വാസിഷ്ടം .


വാല്മീകി മഹര്‍ഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രാമായണം എഴുതിയത് തികച്ചും വായനാക്ഷമമായ കഥാരൂപത്തിലാണ്. അതിലെ അയോദ്ധ്യാകാണ്ഡത്തില്‍ മുപ്പത്തീരായിരം ശ്ലോകങ്ങളിലായി യോഗവാസിഷ്ഠം എന്ന അതിബ്രഹത്തായ മറ്റൊരു  ഭാഗവും ഉള്‍ക്കൊള്ളിച്ചിരുന്നു.
അതിന്‍റെ ജ്ഞാനഭാഗം കൊണ്ടുണ്ടായ സങ്കീര്‍ണ്ണത കാരണം മറ്റു ഭാഗങ്ങളോടൊപ്പം യോഗവാസിഷ്ടത്തിനു പ്രചരിക്കാന്‍ കഴിഞ്ഞില്ല.
 
മഹാജ്ഞാനികളായ ജനകന്‍, വിരോചനന്‍, മഹാബലി തുടങ്ങിയ രാജര്‍ഷികളുടെ കഥകള്‍  ഇവിടെ കാണാം.  
മഹാബലിയുടെ കഥ അങ്ങിനെയാണ്  വസിഷ്ഠവചനങ്ങളിലൂടെ രാമന് മാതൃകാപാഠമായിത്തീര്‍ന്നത്.

ആരാണ് മഹാബലി?

മരീചിപുത്രനായ കശ്യപപ്രജാപതിയ്ക്ക് ദക്ഷപ്രജാപതിയുടെ ഒരു പുത്രിയായ അദിതിയില്‍ ജനിച്ച സൂര്യന്‍റെ പേരില്‍ ആണ് ശ്രീരാമന്‍ മുതലായവരുടെ സൂര്യ വംശം.
അത്രി എന്ന പ്രജപതിക്ക്  അനസൂയ എന്ന ഭാര്യയില്‍ ജനിച്ച ചന്ദ്രന്‍റെ പേരില്‍ നിന്നാണ് പാണ്ധവര്‍ മുതലായവരുടെ ചന്ദ്രവംശവും ആരംഭിക്കുന്നത്.

കശ്യപ പ്രജാപതിയ്ക്ക്, മറ്റൊരു ദക്ഷപുത്രിയായ ദിതിയില്‍ ദൈത്യന്മാരും ജനിച്ചു. ദൈത്യന്മാരില്‍ ഹിരണ്യാക്ഷന്‍, ഹിരണ്യകശിപ്, ശൂരപദ്മാവ്, സിംഹവക്ത്രന്‍, താരകാസുരന്‍, ഗോമുഖന്‍ എന്നിവര്‍ പ്രമുഖരായിരുന്നു .
അദിതിയുടെ മക്കളില്‍ ഒരാളായ ശുക്രനാണ് ഇവരുടെ ഗുരു .

ഇവരില്‍ ഹിരണ്യാക്ഷന്‍ എന്ന ദൈത്യനെ നശിപ്പിക്കാനായി ആണ് വിഷ്ണുവിന്‍റെ വരാഹം എന്ന അവതാരമുണ്ടായത് .
 
ഹിരണ്യാക്ഷന്‍റെ മരണ വൃത്താന്തം അറിഞ്ഞു കോപിഷ്ഠനായ സഹോദരന്‍ ഹിരണ്യകശിപു തന്‍റെ മകനും വിഷ്ണു ഭക്തനുമായ  പ്രഹ്ലാദനെ കൊല്ലുവാനായി തുനിഞ്ഞപ്പോള്‍ വിഷ്ണു വീണ്ടും നരസിംഹമായി അവതരിച്ച് ഹിരണ്യകശിപുവിനെയും കൊന്നുവത്രേ .

ഇന്നത്തെ ഡെക്കാന് പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ദ്ര പ്രദേശിലെ കുര്ണൂല് ജില്ലയില് ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മൂര്‍ത്തി അവതരിച്ചത്എന്നുംവിശ്വസിക്കപ്പെടുന്നു .

ഹിരണ്യകശിപു വിന്‍റെ മകനായ പ്രഹ്ലാദന്റെ പുത്രനാണ് വിരോചനന്‍.
ഈ വിരോചനന്റെ പുത്രനാണ് സാക്ഷാല്‍ മഹാബലി .
മഹാബലിയുടെപുത്രന്‍ 
ബാണന്‍.

പത്തു മുഖ്യ ഉപനിഷത്തുകളില്‍ ഒന്നും ഏറ്റവും പഴക്കം കൂടിയ ഉപനിഷത്തുകളിൽ ഒന്നുമായ  ഛാന്ദോഗ്യ ഉപനിഷത്തില്‍  (സാമവേദം ) എട്ടാം അദ്ധ്യായത്തിന്റെ അവസാനഭാഗത്തില്‍ വിരോചനനെ പറ്റി ഒരു പരാമര്‍ശമുണ്ട് .
ദേവന്മാരുടെ പ്രതിനിധിയായി ദേവേന്ദ്രനും അസുരന്മാരുടെ  ഭാഗത്ത് നിന്ന് വിരോചനനും പ്രജാപതിയുടെ അടുത്ത് ആത്മവിദ്യ പഠിക്കാൻ പോയിയത്രേ.
32 വർഷത്തെ പഠനത്തിനൊടുവിൽ ഭൗതികശരീരമാണ് ആത്മതത്ത്വം എന്ന ധാരണയുമായി ഇരുവരും മടങ്ങി എന്നും  എന്നാൽ വഴിക്ക് വെച്ച് പഠിച്ചതില്‍ സംശയം തോന്നിയ ഇന്ദ്രന്‍  മാത്രം പ്രജാപതിയുടെ അടുത്ത് തിരികെ ചെന്നു ബാക്കി മുഴുവനും പഠിച്ചു എന്നു അവിടെ വായിക്കാം . 

ഇനി                    
വസിഷ്ഠന്‍ പറഞ്ഞത് നോക്കുക.
കുലഗുരുവായ അദ്ദേഹം രാമന്  ആത്മവിദ്യ ഉപദേശിക്കുകയാണ്. 

"രാമാ, നിനക്ക് ശാശ്വതമായ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടാകാന്‍ ഞാന്‍ ബലിയുടെ കഥ പറയാം. 
ലോകത്തിന്‍റെ മറ്റൊരു ഭാഗത്ത് പാതാളം എന്നൊരു ഇടമുണ്ട്. അവിടെയാണ് വിരോചനപുത്രനായ ബലി രാജാവായി വാണിരുന്നത്. വിശ്വരക്ഷിതാവായ ശ്രീഹരിതന്നെയാണു പാതാളത്തിന്റെയും ബലിയുടെയും രക്ഷകര്‍ത്താവ്. 
ദേവരാജനായ ഇന്ദ്രന്‍പോലും അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു. അങ്ങിനെ ബലി ഏറെക്കാലം പാതാളലോകം ഭരിച്ചുവെങ്കിലും കാലക്രമത്തില്‍ തീവ്രമായ ഒരനാസക്തി അദ്ദേഹത്തെ ബാധിച്ചു.
വിരക്തനായ അദ്ദേഹത്തിന് ആത്മവിദ്യ എന്താണെന്നറിയാന്‍ മോഹമുണ്ടായി.
 
ഈ പ്രത്യക്ഷലോകത്തിന്റെ ലക്ഷ്യമെന്താണ്‌
ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്‌? 
എപ്പോഴാണിതവസാനിക്കുക?  
എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക
മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക
എങ്ങിനെയാണെനിയ്ക്ക് പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ബലി ജ്ഞാനിയായ അച്ഛന്‍ വിരോചനന്‍റെ അടുക്കല്‍ ചെന്നു. 
പുത്രന്‍റെ സംശയങ്ങള്‍ക്കുള്ള മറുപടിയായി കഥാരൂപേണ അദ്ദേഹം പറഞ്ഞത് മുക്തിപദമെന്ന ഒരു മഹാരാജ്യത്തെക്കുറിച്ചാണ്.  
അവിടെ ദു:ഖങ്ങളില്ല. 
അവിടുത്തെ രാജാവാണ്‌ ആത്മാവ്. 
ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതമാണ്. മനസ്സാണ്‌ മന്ത്രി. 
ഈ മനസ്സാണ്‌ കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ മിഥ്യാ ഭ്രമങ്ങള്‍ നിറഞ്ഞ ഈ ലോകമുണ്ടാക്കിയത്. 
മനസ്സു കീഴടക്കിയാല്‍ എല്ലാ ഭ്രമങ്ങളും കീഴടങ്ങുന്നു.
ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല.
മനസ്സാണ് കര്‍മ്മം ചെയ്യുന്നത്. 
ഈശ്വരന്‍റെ നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് മനസ്സോരോന്നു ചിന്തിക്കുകയും അവ സങ്കല്‍പങ്ങളെ സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. എന്നാല്‍ മനസ്സിന് പ്രകൃതിനിയമങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുവാനാകും. അതിനാല്‍ മനസ്സാണ് പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം. 
ആത്മവിദ്യയാകുന്ന ആ വളളിച്ചെടിയിലാണ് സുഖഭോഗാസക്തിയുടെ അന്ത്യമെന്ന ഫലം കായ്ക്കുന്നത്. 
അപ്പോള്‍ മുതല്‍ ആത്മസാക്ഷാത്കാരവും അനാസക്തിയും ഒരേ സമയം സാധകനെ മുന്നോട്ടു നയിക്കുന്നു

ശരിയായ അനാസക്തി ഒരുവനിലുണ്ടാവുന്നത് തപ:ശ്ചര്യകളിലൂടെയോ തീര്‍ത്ഥാടനങ്ങളിലൂടെയോ, ദാനധര്‍മ്മങ്ങളിലൂടെയോ  അല്ല. 
അത് സാധിക്കുന്നത് അവനവന്റെ സ്വരൂപത്തെ, ആത്മാവിനെ നേരിട്ടറിയുന്നതിലൂടെ മാത്രമാണ്.

അതിനാല്‍ ഒരുവന്‍ ആദ്യമായി ഈശ്വരന്‍ തുടങ്ങിയ ബാഹ്യമായ എല്ലാ അവലംബനങ്ങളേയും ഉപേക്ഷിച്ച് ശരിയായ ധ്യാനമുറകളിലൂടെ  അനാസക്തി വളര്‍ത്തിയെടുക്കണം.
ഒടുക്കം തന്നില്‍തന്നെയുള്ള ആ ആത്മാന്വേഷണത്താല്‍ പരമസത്യം വെളിവാകുന്നു. 
ആത്മാവ് തികച്ചും  നിര്‍മ്മലമാവുമ്പോള്‍ പരമശാന്തി അനുഭവപ്പെട്ടുതുടങ്ങുന്നു.
  
വിരോചനന്റെ ഉപദേശങ്ങള്‍ ബലിയെ തന്നില്‍ സുഖാനുഭവങ്ങള്‍ക്കായുള്ള ആസക്തി തീരെ ഇല്ലാതാക്കി.
വിജ്ഞാനതൃഷ്ണ ഉളവായപ്പോള്‍ കുലഗുരുവായ ശുക്രനെ അദ്ദേഹം സമീപിച്ചു.
   
ഞാന്‍ ആരാണ്?’; ‘ഇതെല്ലാം എന്താണ്?’ എന്നിങ്ങിനെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ തന്റെ ഗുരുവായ ശുക്രാചാര്യനോടും ചോദിച്ചു.  
 
മഹാ ജ്ഞാനിയായ ശുക്രാചാര്യരുടെ ഉപദേശം ഹൃസ്വമെങ്കിലും അതിഗഹനമായിരുന്നു.  
'ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. 
ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. 
എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം. 
നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല. ബോധത്തില്‍ നിന്നും ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍ 
അവയെ നിരസിക്കല്‍ ആണ് മുക്തി. 
ഞാന്‍ എന്ന ബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും ഞാനെന്നും നീയെന്നുമുള്ള ഭേദാവസ്ഥകള്‍ തള്ളിപ്പോയി സത്യസ്ഥിതിയില്‍ എത്തുകയായി.
എല്ലാ തത്വചിന്തകളുടെയും അടിസ്ഥാനമിതാണ്. 
ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലഭിരമിക്കാം.
നീ ആത്മാവു തന്നെയായിത്തീരും.
 
ശുക്രചാര്യന്റെ ഈ ഉപദേശം കൂടിയായപ്പോള്‍ ബലിയില്‍ ആകെ മാറ്റങ്ങള്‍ ഉണ്ടായി. 
തീര്‍ച്ചയായും എല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല.
ഇന്ദ്രിയങ്ങളും ദേഹവും മനസ്സിലുദിക്കുന്ന ആശകളും അകത്തുള്ളതും പുറത്തുള്ളതും ആകാശവും മാറ്റമെന്ന പ്രഹേളികയുമെല്ലാം ബോധത്തിന്‍റെ വിവിധ മായാഭ്രമങ്ങള്‍  മാത്രം.
ശരീരമില്ലാതെതന്നെ ഞാന്‍ ബോധസ്വരൂപമാണ്. 
അത് തന്നെയാണീ വിശ്വത്തിന്റെ ആത്മാവ്. രണ്ടാമതൊന്നില്ലാതെ (അദ്വൈതം) ബോധം എങ്ങും നിറഞ്ഞു വിളങ്ങുമ്പോള്‍ സുഹൃത്ത്, ശത്രു എന്നിങ്ങിനെയുള്ള തരം തിരിവില്ല.
ആത്മാവില്‍ പരമശാന്തി കൈവരുന്നതുവരെ ഞാന്‍ കര്‍മനിരതനായി തുടരും എന്ന്  നിശ്ചയിച്ച് ഓംകാരം മാത്രം ജപിച്ച് എല്ലാ സംശയങ്ങളും കളഞ്ഞ് , വസ്തുധാരണകള്‍ തള്ളിക്കളഞ്ഞ് , വിഷയ-വിഷയീ ഭേദഭാവമില്ലാതെ, ചിന്ത-ചിന്തകന്‍--ചിന്ത്യവിഷയം (ധ്യാനം, ധ്യാനി, ധ്യാനവിഷയം) എന്ന തോന്നലുകളില്ലാതെ ബലി അവിടെയിരുന്നു.

അദ്ദേഹം നാളുകള്‍ കടന്നുപോകുന്നതറിയാതെ സമാധിയില്‍ മുഴുകി. 
ബലിയുടെ മനസ്സടങ്ങി, കാറ്റില്ലാത്തയിടത്തു കത്തിച്ച  ദീപമെന്നപൊലെ അദ്ദേഹം പരമപദത്തില്‍ അഭിരമിച്ചു.  
ബലി, ധ്യാനത്തിന്റെ അതീന്ദ്രിയമായ  അബോധാവസ്ഥയില്‍ എത്തിയെന്ന് ശുക്രന്‍ മനസ്സിലാക്കി.

ഇന്ദ്രിയവിരക്തി വന്ന ബലിക്ക് അതിമഹത്തായ ഒരു യാഗം വിപുലമായിത്തന്നെ നടത്തണമെന്ന് തോന്നി.  
അതിനുവേണ്ട സാമഗ്രികളും ആളുകളും ഉടനെ തയാറായി. 
യഥോചിതമായി അദ്ദേഹം ആ യാഗകര്‍മ്മം തുടങ്ങി വച്ചു. 

ഈ യാഗസമയത്താണ് ഭഗവാന്‍ വിഷ്ണു വാമനരൂപം പൂണ്ട് അവതരിച്ചത്. 
ബലിയുടെ പക്കല്‍ നിന്നും ഐഹികമായ സമസ്തവും ദാനമായി വാങ്ങി നിസ്വനായ ബലിക്ക്  വിഷ്ണുഭഗവാന്‍ മോക്ഷം നല്‍കുകയും ചെയ്തു.
 
“രാമാ, മഹാനായ ബലി മഹാരാജനുണ്ടായിരുന്നത് പോലെയുള്ള ഉള്‍ക്കാഴ്ചയുമായി പരമപദത്തില്‍ നീയും അഭിരമിക്കൂ. 
ഉപയോഗശൂന്യവും അസത്തുമായ ലൌകീകസുഖങ്ങളില്‍ ഒരിക്കലും ആസക്തനാകാതിരിക്കൂ. 
ദൂരെക്കാണുന്ന വെറും, പാറക്കല്ലുകള്‍പോലെ മാത്രമേ ഈ ലോകത്തുള്ള ആകര്‍ഷണീയവസ്തുക്കള്‍ക്ക് നിന്റെയുള്ളില്‍ സ്ഥാനമുണ്ടാവാന്‍ പാടുള്ളൂ. 
അവ നിന്റെ ശ്രദ്ധയോ ആദരവോ അര്‍ഹിക്കുന്നില്ല. 
ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് ചാഞ്ചാടുന്ന നിന്റെ മനസ്സ് ദൃഢമായി ഹൃദയത്തില്‍ ഉറപ്പിച്ചാലും. 
ആത്മാവാണുണ്മ. 
ജനനമരണങ്ങള്‍ വെറും ഭാവനകള്‍ മാത്രം. 
വെറും മിഥ്യയാണവ. 
മഹാബലിയുടെ ചരിതം നിന്നില്‍ ഈ സത്യത്തിന്റെ പ്രകാശം നിറയ്ക്കട്ടെ. 
സത്യത്തിന്റെ നേരറിവില്ലാത്തവരും സ്വയം ഗുരുക്കളായി അവരോധിച്ചവരുമായ കപട പണ്ഡിതരുടെ വാഗ്ധോരണികളില്‍ വീണുപോകാതെ നീ സൂക്ഷിക്കണം. 
മഹാബലിയെപ്പോലുള്ള പാവനചരിതന്മാരെയാണ് നീ മാതൃകയാക്കേണ്ടത്.”

വസിഷ്ടനില്‍ നിന്നും ബലി ചരിതം കേട്ട് രാമന്‍റെ ജ്ഞാനം ഒന്നുകൂടി ഉറച്ചു.
   
അജ്ഞരും മൂഡരുമെന്നു നമ്മള്‍ വിശേഷിപ്പിക്കുന്ന ദൈത്യരായ വിരോചനനും മഹാബലിയും മഹാജ്ഞാനികളും ആത്മവിദ്യകൊണ്ട് തന്നെ മോക്ഷം പ്രാപിച്ചവരും ആണെന്ന് രാമായണം സാക്ഷ്യം നല്‍കുന്നു.  


 

അഭിപ്രായങ്ങളൊന്നുമില്ല: