pushpamgad.blogspot

pushpamgad.blogspot
സ്വാഗതം.

2016 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മരണം എങ്ങിനെ ?


മരണ സന്നദ്ധനായ ആളുടെ പഞ്ചേന്ദ്രിയങ്ങള്‍ ഓരോന്നായി സംഹരിക്കപ്പെടുകയും പഞ്ച പ്രാണന്മാര്‍ തങ്ങളുടെ പ്രവൃത്തികള്‍ നിറുത്തി മുഖ്യ പ്രാണനില്‍ അടക്കപ്പെടുകയും ചെയ്യുന്ന സമയത്ത് അയാള്‍ പൂര്‍വ ജന്മത്തെ സ്മരിക്കുകയോ മരിച്ചുപോയവരെ കാണുകയോ ചെയ്യുമത്രേ !
പ്രാണന്‍ മനസ്സില്‍ ലയിച്ച് നവദ്വാരങ്ങളില്‍ ഒന്നിലൂടെ പുറത്തു പോകുമ്പോള്‍ മരണം സംഭവിക്കുന്നു.
മസ്തിഷ്ക മരണം സംഭവിച്ചു എന്നു സ്ഥിരീകരിച്ചതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നവരില്‍ പല പഠനങ്ങളും നടക്കുകയുണ്ടായി.
അതില്‍ മിക്കവരുടെയും അനുഭവങ്ങള്‍ ഒരുപോലെ ആയിരുന്നു.
താന്‍ മരിച്ചു എന്ന ബോധമുണ്ടാവുക, ശരീരത്തില്‍ നിന്ന് പുറത്ത് കടക്കുന്നതായി തോന്നുക, ഒരു ടണലിലൂടെ പ്രകാശത്തെ നോക്കി അതിവേഗം യാത്ര ചെയ്യുക,ഒപ്പം തന്‍റെ ജീവിതത്തിലെ ബാല്യം മുതലുള്ള പ്രധാന സംഭവങ്ങള്‍ ഒരു സിനിമയിലേതു പോലെ കാണുക . മരിച്ചുപോയ ബന്ധുക്കളെയോ ആത്മാക്കളെയോ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്യുക, പ്രപഞ്ചത്തിന്‍റെ അതിര്‍ത്തിയില്‍ എത്തിപ്പെട്ടതായി തോന്നുക, ജീവിതത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുക, പ്രകാശത്തില്‍ അകപ്പെട്ടതായി അനുഭവിക്കുക... തുടങ്ങിയ അനുഭവങ്ങളെല്ലാം പൊതുവായി എല്ലാവരിലും സംഭവിക്കുന്നു.
ഒരു യോഗിനി പറഞ്ഞ കഥ അനുസരിച്ച് വടക്കേ ഇന്ത്യയിലെ ഒരു ചാനല്‍ ജീവനക്കാരന്‍ ഇത് പോലെ മരണത്തില്‍നിന്നും തിരിച്ചു വന്നിട്ടുണ്ട് .
കഴിഞ്ഞു പോയ പ്രധാന സംഭവങ്ങളോട് ഒപ്പം അയാള്‍ പൂര്‍വ്വ ജന്മത്തില്‍ മരിക്കാന്‍ ഇടയായ സംഭവവും അപ്പോള്‍ തെളിഞ്ഞു വന്നു .
ഒരു കടല്‍ ത്തീരത്ത് ഇരിക്കുമ്പോള്‍ ആരോ ഒരായുധം കൊണ്ട് അയാളെ അടിച്ചു വീഴ്ത്തുക ആയിരുന്നു ആ ദൃശ്യത്തില്‍ .
മരണത്തിന്‍റെ പിടിയില്‍ അമര്‍ന്ന ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന നൂറ്റമ്പതോളം പേരില്‍ നടത്തിയ പഠനത്തിന് ശേഷം ഡോ. റെയ്മണ്ട്മൂഡി എന്ന പാരസൈകോളജിസ്റ് കണ്ടെത്തിയത് -
1. തുടര്‍ച്ചയായ മണിനാദം, ഇരമ്പല്‍ തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുക.
2. അനര്‍വചനീയമായ സമാധാ‍നവും വേദനയില്ലായ്മയും അനുഭവിക്കുക.
3. താന്‍ ശരീരത്തിന് പുറത്ത് പുറത്ത് വന്നതായി അനുഭവിക്കുക: ഈ അനുഭവമുണ്ടായ പലരും സ്വന്തം ശരീരത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഒരു ദൃക്‌സാഷിയെ പോലെ നോക്കി നില്‍ക്കാറുണ്ടത്രേ, പിന്നെ അവിടമാകെ ചുറ്റിനടക്കാറുമുണ്ട്. ബന്ധുക്കളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്ന ഇവര്‍ക്ക് “ഞാന്‍” എന്ന ബോധവും, പൂർവകാല ജീവിതത്തെ കുറിച്ചുള്ള ഓർമ്മയും ഉണ്ടായിരിക്കും.
4. ടണലിലൂടെ അതിവേഗം യാത്ര ചെയ്യുക: ഒരറ്റത്ത് പ്രകാശം കാണാവുന്ന ഇരുണ്ട ടണലിലൂടെ യാത്രചെയ്യുകയാണെന്ന അനുഭവം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നാണ്. യാത്രയുടെ തുടക്കത്തില്‍ മങ്ങി മാത്രം കണ്ട പ്രകാശം അടുക്കുംതോറും സൂര്യനെക്കാള്‍ ഉഗ്ര ശോഭയുള്ളതായി തീരുന്നു. സ്വര്‍ണ്ണനിറം കലര്‍ന്ന ആ പ്രകാശത്തിലെത്തുന്നതുവരെ ആ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും. പ്രകാശത്തിന് ഒരു വ്യക്തിത്വ സ്വഭാവമുണ്ടായിരുന്നതായും, ആ വ്യക്തിത്വത്തില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞ സ്നേഹത്തിന്‍റെ ഊഷ്മളത അനര്‍വചനീയമായിരുന്നതായും പലരും സാക്‍ഷ്യപ്പെടുത്തിയിട്ടുണ്ട്. അനുഭവസ്ഥരുടെ മാറുന്ന മതവിശ്വാസങ്ങൾ അനുസരിച്ച്, ചിലർക്ക് ആ പ്രകാശം തങ്ങളുടെദൈവത്തിന്റെത് എന്ന്‍ തോന്നിയതായും മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ദൈവവിശ്വാസിയല്ലാത്ത ഒരാള്‍ക്ക് അത് പ്രകാശം മാത്രമായിരിക്കും. ടണലിലൂടെയുള്ള യാത്രക്കിടയിൽ വല്ലാത്ത ഉന്‍‌മേഷവും സ്വാതന്ത്രവും അനുഭവിച്ചതായും, ചിലർക്ക് ഭയവും അനുഭവപ്പെട്ടതായും പഠനങ്ങള്‍ പറയുന്നു.
5. ടണലിലൂടെ യാത്ര ചെയ്യുന്നതിനൊപ്പം സ്വര്‍ഗത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതായുള്ള അനുഭവവും ചിലര്‍ക്ക് ഉണ്ടായിട്ടുണ്ട്. ശൂന്യാകാശത്ത് നിന്നെന്ന പോലെ ഭൂമിയെ കാണാനാവുക, ആകാശ ഗോളങ്ങളെയും ഗാലക്സികളെയും സൂഷ്മദർശിനിയിലൂടെന്ന പോലെ വളരെ അടുത്ത് കാണാന്‍ കഴിയുക എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതകളാണ്.
6. ടണലിലൂടെയുള്ള യാത്ര അവസാനിച്ച് കഴിഞ്ഞാല്‍, പ്രകാശപൂരിതരായ വ്യക്തികളെ കണ്ടുമുട്ടുന്നതാണ് മറ്റൊരു അനുഭവം. മരിച്ചുപോയ ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിങ്ങനെ ഉറ്റവരെയെല്ലാം പ്രകാശപൂരിതരായി കാണാനായതായും, അവര്‍ തന്നെ അഭിവാദനം ചെയ്തതായും പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
7. പ്രകാശ പൂരിതരായ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വിശ്വപ്രഭ എന്നൊക്കെ വിളിക്കാവുന്ന പടുകൂറ്റൻ പ്രകാശത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നതായുള്ള അനുഭവമാണ് അടുത്തത്. ദൈവദര്‍ശനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ഈ അനുഭവം വ്യക്തികളുടെ വിശ്വാസമനുസരിച്ച് മാറ്റുന്നതായും പഠനം പറയുന്നു.
8. അതിനുശേഷം, ആ പ്രകാശത്തിന് മുന്നില്‍ വച്ച്, ജീവിതത്തില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെയെല്ലാം ഒരു അവലോകനം നടക്കുമെന്നും, ജീവിതത്തില്‍ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായത് സ്നേഹം മാത്രമായിരുന്നുവെന്ന് അവർക്കപ്പോൾ മനസിലായെന്നും അനുഭവസ്ഥര്‍ പറയുന്നു.
9. വിശ്വസമമായ ആ പ്രകാശമോ അല്ലെങ്കില്‍ ബന്ധുക്കളോ അവരോട് തിരികെ പോകാന്‍ പറയുന്നതാണ് അവസാനമായി ഉണ്ടാവുക. ജീവിതത്തിലേയ്ക്ക് തിരികെ പോകണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതായും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും അവിടെ തന്നെ താമസിക്കാന്‍ ഇഷ്ടപ്പെട്ടതായും, എന്നാല്‍ ജീവിച്ചിരുന്ന ഉറ്റവര്‍ക്ക് അവരോടുള്ള സ്നേഹം കണക്കിലെടുത്ത് തിരികെ വരാന്‍ ഒടുവിൽ തീരുമാനിച്ചതായും അനുഭവസ്ഥർ പറയുന്നു.
ആ കുഴലിലൂടെ ഹിരണ്യഗര്‍ഭത്തില്‍ നിന്നും പുറത്തെത്തിയവര്‍ ഈശ്വരവിശ്വാസികളാണെന്ന പ്രത്യേകത കൂടി പഠനം കണ്ടെത്തിയിട്ടുണ്ട്.
നാഡീസംബന്ധമായി തലച്ചോറില്‍ സംഭവിക്കാവുന്ന രാസമാറ്റത്തിലൂടെ ടണലിലൂടെ യാത്ര ചെയ്യുന്നതായിട്ടുള്ള അനുഭവം രോഗിയില്‍ ഉണ്ടാകാം. അപസ്മാരം സംഭവിച്ചാലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുക സാധ്യം. ഹോർമോണുകളിൽ സംഭവിക്കുന്ന താളപ്പിഴകൾ മൂലം ഉടലെടുക്കുന്ന മാനസിക വിഭ്രാന്തികളാണ് മരണാനന്തരാനുഭവം പോലുള്ള തോന്നലുകൾ എന്ന് വിമര്‍ശകർ പറയുന്നു.ഇത്തരം അനുഭവങ്ങള്‍ക്ക് ഒരു വ്യക്തിയുടെ അത്മീയ ജീവിതവും അനുദിന ജീവിതവുമായി അടുത്ത ബന്ധമുണ്ടെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. മരണാനന്തരാനുഭവം ഉണ്ടായവരില്‍ ഭൂരിപക്ഷവും കടുത്ത ആത്മീയതയും മതചിട്ടവട്ടങ്ങളും ഉള്ളവരായിരുന്നു. അതാവാം ഇത്തരം ദൃശ്യങ്ങള്‍ ഉണ്ടാവാന്‍ വഴിതെളിച്ചതെന്ന് വിമർശകർ വിലയിരുത്തുന്നു. എന്നാല്‍, എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് എങ്ങനെ ഒരു പൊതുസ്വഭാവം ഉണ്ടായി എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ല.
മരണാനന്തരാനുഭവങ്ങൾ സാധാരണക്കാരനിൽ സംഭവിക്കുന്നത് യാദൃശ്ചികമായിട്ടാണെങ്കിൽ, നിഷ്ഠയോടും, അച്ചടക്കത്തോടും ധ്യാനമുറകൾ അഭ്യസിക്കുന്ന ഒരു സാധകന് ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരം അനുഭവങ്ങൾ സാധ്യമാണ്. അയാൾക്ക് ഇഷ്ടമുള്ളപ്പോൾ ഇത്തരം അനുഭവങ്ങളിലേക്ക് യഥേഷ്ടം പ്രവേശിക്കാനും തിരിച്ചുവരാനും ഒരു സാധകന് സാധിക്കുന്നു. അയാൾ സ്വന്തം ശരീരത്തിൽ നിന്ന് പുറത്തിറങ്ങുന്നു, മറ്റൊരു വസ്തു എന്ന പോലെ അയാൾ സ്വന്തം ശരീരത്തെ വീക്ഷിക്കുന്നു. ഇത്തരം അനന്യസാധാരണമായ സിദ്ധികൾ നേടിയ സാധകന്മാർ ജീവിച്ചിരുന്നിട്ടുണ്ട്, ജീവിച്ചിരിക്കുന്നുമുണ്ട്.

2016 ജൂൺ 29, ബുധനാഴ്‌ച

ഞാനും ഈശ്വരനും തമ്മില്‍ എന്ത് ?

 ഞാന്‍ എന്ന ഭാവം നീങ്ങിയാല്‍ ഈശ്വര സാക്ഷാല്‍കാരം ഉണ്ടാകുന്നു .
പിന്നീട് എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ വഴിയുമില്ല .
കാരണം അവിടെ പിന്നെ അവശേഷിക്കുന്നത് ഈശ്വരന്‍ മാത്രമാണ് .
എന്താണ് ഈശ്വരന്‍?
ആചാര്യന്മാര്‍ക്ക് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് .
അത് അവര്‍ മറ്റുള്ളവരുമായി പങ്കുവച്ചു .
ശിഷ്യപരമ്പരകള്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചും ആ അറിവ് മറ്റുള്ളവരില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു .
മനുഷ്യന്‍ രൂപപ്പെട്ട കാലം മുതല്‍ തുടര്‍ന്നു പോരുന്ന ഈ ജ്ഞാന യജ്ഞം ഇപ്പോള്‍ ഇവിടെ നമ്മളും തുടര്‍ന്നു പോരുന്നു . 

അറിവുകള്‍ ഈ ലോകത്തിനു നഷ്ടപ്പെടരുതെന്നു കരുതി ഞാനും എനിക്കുണ്ടായ എളിയ അനുഭവങ്ങള്‍ ശ്രേഷ്ഠരായ ഗുരുഭൂതന്മാരേ പ്രണമിച്ചുകൊണ്ട്  ഇവിടെ രേഖപ്പെടുത്തുന്നു .
ഇവിടെ ഇപ്പോള്‍ എഴുതുന്നത് വിഷ്ണുവിനെ പറ്റി മാത്രമായതുകൊണ്ട് മറ്റു വിശ്വാസങ്ങളെ നിഷേധിക്കുന്നു എന്ന് ആരും തെറ്റിദ്ധരിക്കരുത് .
എന്‍റെ കൈയ്യിലുള്ളതല്ലേ എനിക്ക് തരാന്‍ പറ്റൂ .

മത്സ്യം മുതല്‍ കല്‍ക്കി വരെ മഹാവിഷ്ണുവിന്‍റെ ദിവ്യാവതാരങ്ങള്‍ കണ്ടറിഞ്ഞവരാണ്   ഋഷിവര്യന്മാര്‍ .
പൂന്താനം പോലുള്ള ധന്യാത്മാക്കളുടെ നേരനുഭവങ്ങള്‍ വേറെയുമുണ്ട്.
മഹാ ജ്ഞാനികളായ അവര്‍ പോലും വാക്കുകള്‍ മതിയാകാതെ നമിച്ചുവീണ ആ മഹാ പ്രഭുവിന്‍റെ ശരിയായ രൂപം ആര്‍ എവിടെയാണ് ദര്‍ശിച്ചിട്ടുള്ളതും വര്‍ണ്ണിച്ചിട്ടുള്ളതും !   
ഒരുപാട് ഉപാസിച്ചിട്ടും അനുഭവങ്ങള്‍ ഉണ്ടായില്ലല്ലോ എന്ന് നിരാശപ്പെടുന്ന ഭഗവദ് ഭക്തര്‍ക്കായി വിചിത്രവും വിവരണാതീതമായതുമായ എന്‍റെ അനുഭവങ്ങള്‍ ഇവിടെ എഴുതുന്നു .
മഹാ മായാവിയായ അദ്ദേഹത്തിന്‍റെ മായാ ഭാവനകള്‍ ആരാലും നിര്‍വചിക്കാന്‍ സാധിക്കുകയില്ലെന്ന് ഇത് വായിക്കുമ്പോള്‍ വഴിയെ നമുക്ക് മനസ്സിലാകും !

പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ്  എനിക്ക് ഒരു വിഷ്ണു ദര്‍ശനമുണ്ടാകുകയും അതിന്‍റെ  തുടര്‍ച്ചയായി  പല അനുഭവങ്ങളും ജീവിതത്തില്‍ സംഭവിക്കുകയും ചെയ്തു .

ഇത് ആരോട് എങ്ങനെ പറയണം എന്നറിയാതെ ഞാന്‍ ഒരുപാട് വിഷമിച്ചു പോയിട്ടുണ്ട് .
ഇപ്പോഴും എങ്ങനെ പറഞ്ഞുതുടങ്ങണം എന്ന് ഒരു രൂപവും കിട്ടുന്നുമില്ല .

എനിക്ക് 28നടുത്ത് പ്രായമുണ്ടന്ന്.
കൂട്ടുകാരന്‍ ശശികുമാറിന്‍റെ കൂടെ  തട്ടകത്തെ ദേവീക്ഷേത്രത്തില്‍ പോയതാണ് ഞങ്ങള്‍.
ക്ഷേത്രത്തില്‍ ചെന്നാല്‍ തൊഴുന്നതു പതിവാണല്ലൊ.
ആദ്യം ദേവീക്ഷേത്രത്തില്‍ തൊഴുതുനില്‍ക്കുമ്പോള്‍ ആണ്

അപരിചിതരായ മൂന്നു പെണ്‍കുട്ടികള്‍ കൈയ്യില്‍ പൂക്കളൊക്കെ ശേഖരിച്ച താലമൊക്കെയായി ക്ഷേത്രത്തിലേക്ക് വന്നത് .

അവരില്‍ ഒരാള്‍ തലയില്‍ തട്ടമൊക്കെ ഇട്ടു ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വേഷത്തില്‍ ആയിരുന്നു .
അഹിന്ദുക്കള്‍ക്ക്  പ്രവേശനം പതിവില്ലാത്തത് കൊണ്ട് അവിടെയുള്ളവര്‍ അവരെ തടഞ്ഞുനിര്‍‍ത്തി .
അപ്പോളവര്‍ 'അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ കയറിയാല്‍ എന്താണ് സംഭവിക്കുക എന്നു നോക്കട്ടെ ' എന്നും പറഞ്ഞു ക്ഷേത്രത്തില്‍ കയറി കൈയിലുള്ളത് നേദിക്കാനായി ശ്രീകോവിലില്‍ കൊടുത്തു .

ഞാനും കൂട്ടുകാരനും ഇതൊന്നും ശ്രദ്ധിക്കാതെ തൊട്ടടുത്തുള്ള വിഷ്ണു ക്ഷേത്രത്തില്‍ ചെന്നു.
ചെറിയ മഴ പെയ്യുന്ന കാലമായിരുന്നതുകൊണ്ട് കൈയ്യില്‍ കുടയുണ്ടായിരുന്നു.
തൊഴുന്നതിനായി കുട എവിടെ വെക്കും .
തല്‍ക്കാലം ക്ഷേത്രത്തിന്റെ ഭിത്തിയില്‍ തന്നെ വെച്ചു.
എന്നിട്ട് തൊഴുന്നതിനായി കൈ കൂപ്പി നിന്നതേയുള്ളു.
കുട ഉരുണ്ടുകൊണ്ട് ദൂരേക്കു തെറിച്ചുവീണു.
ശാന്തിക്കാരന്‍ ഭഗവതീക്ഷേത്രത്തില്‍ നിന്നും വന്നിട്ടില്ലായിരുന്നതുകൊണ്ട് വിഷ്ണു ക്ഷേത്രത്തിന്‍െറ നടയിനിയും തുറന്നിട്ടില്ലായിരുന്നു.
അടുത്ത പടി പ്രാര്‍ത്ഥിക്കുന്നതിനായി കണ്ണുകളടച്ചപ്പോള്‍ കാഴ്ചക്കുമപ്പുറത്ത് പ്രജ്ഞയില്‍ ആകാശം മുന്നോട്ടുംപിന്നോട്ടും ആടിക്കൊണ്ടിരിക്കുന്ന രൂപത്തില്‍ ഭഗവാന്‍റെ ദിവ്യരൂപമാണ് ഞാനാനേരത്തു കണ്ടത്.


പ്രജ്ഞാനം ബ്രഹ്മമാണെന്നോ വിഷ് ദാതുവിന് വ്യാപനശീലന്‍ എന്നര്‍ത്ഥമുണ്ടെന്നോ അറിവില്ലാതിരുന്ന കാലം.
ഭഗവദ് ദര്‍ശനത്തിന്‍റെ മഹിമയറിയാതെ കണ്ണു തുറന്നു സാക്ഷാത് ആകാശത്തേക്കു നോക്കി
യപ്പോളാണ് ശരിക്കും അത്ഭുതപ്പെട്ടത്.
കാരണം മേഘക്കാറുകള്‍ നിറഞ്ഞ അതേ ആകാശം തന്നെ ഇതും.
ആത്ചര്യം!
വീണ്ടും കണ്ണു കളടച്ചപ്പോള്‍ ഭഗവാന്‍റെ ആകാശരൂപം ആടിക്കൊണ്ട് അങ്ങിനെത്തന്നെയുണ്ട്.


ഈ സമയത്ത് അപരിചിതരായ ആ മൂന്നു പെണ്‍കുട്ടികളും ഇവിടേക്ക് തന്നെ ചെറുതായി ചിരിച്ചുകൊണ്ട് നോക്കി നില്‍ക്കുകയായിരുന്നു .

എന്നിട്ട് അവര്‍ അവിടെ നിന്നും വിഷ്ണു ക്ഷേത്രത്തിലേക്ക് വന്നു .
സാധാരണ വലം ചുറ്റിയാണല്ലോ നമ്മള്‍ പ്രദക്ഷിണം ചെയ്യാറ് .
എന്നാല്‍ അവര്‍ വിഷ്ണു ക്ഷേത്രത്തെ ഇടം ചുറ്റിയാണ്‌ പ്രദക്ഷിണം ചെയ്തത് .

അപ്പോള്‍ കണ്ടു നിന്നവര്‍ ' അവര്‍ക്കെല്ലാതും ഇടത്തു നിന്നല്ലേ . ഇതിനുള്ളത് അവര്‍ക്ക് തന്നെ കിട്ടും ' എന്നു അഭിപ്രായപ്പെട്ടു .

പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല .
ഇതില്‍ എന്തൊക്കെയോ നിഗൂഡതകള്‍ ഉണ്ടെന്നു തോന്നി .

അതൊക്കെ അങ്ങിനെ കഴിഞ്ഞു പോയി .
ഞാന്‍ ഈശ്വരാന്വേഷണം തുടങ്ങി .
ഗീതയും വേദവും ബ്രഹ്മസൂത്രവും യോഗയും ബൈബിളും ഖുറാനും തൊട്ടു കുന്ധലിനീ സാധന വരെ തുടങ്ങി .

ആ സമയത്ത് പല ദൃശ്യങ്ങളും കണ്ണിനു മുന്നില്‍ തെളിഞ്ഞു വരുമായിരുന്നു .
ഒരു ദൃശ്യത്തില്‍ ഒരു പാമ്പ്‌ ഇഴഞ്ഞു വരുന്നു .
അത് ചുറ്റുപാടും നോക്കി എന്നിട്ട് നന്നായി തലയുയര്‍ത്തി പത്തിയും വിരിച്ചു നില്‍പ്പായി .
അപ്പോഴാണ്‌ ഒരു കൈ പാമ്പിനു മുമ്പിലേക്ക് നീട്ടപ്പെട്ടത് .
ഇരുണ്ടതും വെളുത്തതും അല്ലാത്ത മദ്ധ്യ നിറത്തിലുള്ള ആ കൈയ്യുടെ മുട്ടിനു ശേഷമുള്ള ഭാഗം രംഗത്തേക്ക് വെളിപ്പെട്ടില്ല .
പാമ്പിനു നേരെ നീട്ടിയ ആ കൈയ്യില്‍ അത് ആഞ്ഞു കൊത്തി .
പക്ഷെ ആ കൈ തന്‍റെ ചൂണ്ടുവിരലും നടുവിരലും 'v' ആകൃതിയില്‍ അകത്തിപ്പിടിച് ഒരു കെണി യുണ്ടാക്കി .
രണ്ടു വിരലിനും മദ്ധ്യേ ഉണ്ടായ ആ കെണിയില്‍ പാമ്പിന്‍റെ പത്തി കുരുങ്ങി അനങ്ങാന്‍ പറ്റാത്ത വിധത്തിലായി .
അല്‍പ്പ നേരംകൊണ്ട് പാമ്പ്‌ തവളയായി നിസ്സഹായതയോടെ ആ കൈയ്യില്‍ പെട്ടുപോയി .

ജാഗ്രത്തില്‍ കണ്ടതുകൊണ്ട് ഇത്  സ്വപ്നമായി എനിക്ക് തോന്നിയില്ല .
അങ്ങിനെയിരിക്കെ ഒരു ദിവസം ഞാന്‍ ബസ്സില്‍ വരികയായിരുന്നു .
ഏകദേശം നാട് അടുക്കാറായി .
സൈഡ് സീറ്റില്‍ ഇരുന്നിരുന്ന എനിക്ക് ഉടുത്തിരുന്ന മുണ്ടിന്‍റെ കോന്തല ബസ്സിനു പുറത്തേക്ക് ഒരു കൊടി പോലെ പറപ്പിക്കാന്‍ ഉള്ളില്‍ നിന്നും ഒരു പ്രേരണ ഉണ്ടായി .
ഞാന്‍ അങ്ങിനെ ചെയ്തു .
അതുപോലെ ഇടതു കൈവിരല്‍ 'v' പോലെ പുറത്തേക്ക് പിടിക്കണം എന്നു തോന്നി .
അതും ചെയ്തു .
ഉടനെ ബസ്സ്‌ കണ്ടക്ടറും ക്ലീനറും ഒക്കെ കൈ പുറത്തേക്ക് ഇടരുത് എന്നും പറഞ്ഞു അടുത്തേക്ക്‌ വന്നു .

ഇതിനകം ഇറങ്ങേണ്ട സ്ഥലം ആയിത്തുടങ്ങിയിരുന്നു .
പെട്ടെന്ന്‍ ഞാന്‍ "നിറുത്തെടാ " എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് എഴുന്നേറ്റു .
ബസ്സ്‌ പെട്ടെന്ന് നിര്‍ത്തി .

ബസ്സില്‍ നിന്നും ഇറങ്ങിയ എനിക്ക് "യദായദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത..." എന്ന ഗീതയിലെ ശ്ലോകം പാടണമെന്ന് തോന്നി .
ഞാന്‍ ഉറക്കെ അങ്ങിനെ ചെയ്തപ്പോള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി .

പിന്നെ സംസാരിച്ചത് ഞാന്‍ ആയിരുന്നില്ല എന്നു പറയുന്നതാണ്ശരി .
എന്‍റെ പ്രേരണയോ അനുമതിയോ കൂടാതെ എന്‍റെ പോലും ശബ്ദത്തിലല്ലാതെ ഞാന്‍ അതിമനോഹരമായി
"ഇന്ത്യയെന്റെ രാജ്യം
എന്റെ സ്വന്ത രാജ്യം
ഇന്ത്യയെന്റെ ജീവനേക്കാള്‍
ജീവനായ രാജ്യം
ഉണരുവിന്‍ യുവാക്കളെ
ഉണരുവിന്‍ സഖാക്കളെ
...."
എന്നിങ്ങനെ എന്‍റെ കൂട്ടുകാരന്‍ ബാബുരാജിന്റെ ശബ്ദത്തില്‍ പാടാന്‍ തുടങ്ങിയപ്പോള്‍ എനിക്കു മനസ്സിലായി ഇത് ചെയ്യുന്നത് ഭഗവാന്‍ വിഷ്ണു തന്നെ ആണെന്ന് .

എനിക്കു പോലും ഇത്ര മനോഹരമായി എന്‍റെ നാവ് ഉപയോഗിക്കാന്‍ കഴിയില്ല .

"ഞാന്‍ സര്‍വാധിപതിയായ മഹാവിഷ്ണു .
എന്നെ എതിര്‍ക്കുവാന്‍ ആരുമില്ല .
എന്റെ പ്രശസ്തി ലോകമെങ്ങും മുഴങ്ങുന്നു .
മഹാവിഷ്ണുവിന്റെ പടവാള്‍ ഇതാ വരുന്നു ."

ഞാനിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ് .
വളരെ സ്പീഡിലും എനിക്കു കേട്ടുകേള്‍വി ഇല്ലാത്ത വാക്കുകള്‍ ആയതിനാലും പലതും ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നില്ല .

അങ്ങിനെ നടന്ന് നാട്ടിലെ ഒരു പള്ളിക്ക് മുന്‍പില്‍ എത്തി (ഏതു വിഭാഗത്തിന്റെത് എന്ന് പറയുന്നില്ല ).

അവിടെ എത്തിയപ്പോള്‍ ഇവിടേക്ക് ഒന്നും ഇല്ലേ എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചതെ ഉള്ളൂ .
അതാ വരുന്നു അവിടത്തെ നേര്‍ച്ച പ്പെട്ടിയിലേക്ക് കൈ വീശിയെറിഞ്ഞു കൊണ്ട് ...
"കള്ളനും കൊലപാതകിക്കും ഉള്ള ശമ്പളം നേര്‍ച്ചപ്പെട്ടിയിലേക്ക് പോകട്ടെ "
എന്ന് .

ഈ പറഞ്ഞതിന്റെയും ഇനി പറയാന്‍ പോകുന്നതിന്റെയും ആശയം എനിക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല .
അടുത്തത് കൂട്ടുകാരന്‍ സലിമിന്റെ വീടിനു മുന്‍പില്‍ വെച്ചാണ് സംഭവിച്ചത് .
അതിതായിരുന്നു .

സലിമിന്റെ വാപ്പയും അനുജത്തി യും വലിയുപ്പ യുടെ മകളും  പൂമുഖത്ത് ഇരിക്കുന്നുണ്ടായിരുന്നു .
ഞാന്‍ വെറുതെ വാപ്പയോടു സലിം ഉണ്ടോ എന്നു ചോദിച്ചു .
വാപ്പ ഇല്ലെന്നും പറഞ്ഞു .
ശരിയെന്നു പറഞ്ഞു മുന്നോട്ടു രണ്ടടി വെച്ചതെ ഉള്ളൂ .
"എന്റെ സര്‍വ്വാധികാരിപ്പട്ടം സലിമിന് നല്‍കുന്നു ."
എന്നും പറഞ്ഞു എന്‍റെ വലതു കൈ  വീശി .
ആ കയ്യിന് അണുവിട പിഴക്കാത്ത ഒരു ഉന്നമുണ്ടായിരുന്നു  .
മാഗ്നറ്റിക്‌ കോമ്പസിലെ സൂചി പോലെ അത് കൃത്യമായി  വലിയുപ്പയുടെ മകള്ളുടെ  കണ്ണുകള്‍ക്ക്‌ നേരെ നേര്‍ക്കുനേര്‍ വന്നുനിന്നു .

ഇതൊക്കെ എന്തിനാണ് എന്നൊക്കൊണ്ട് ഭഗവാന്‍ ചെയ്യിച്ചതെന്ന് ആലോചിച് ഇത് വരെ ഒരു എത്തും പിടിയും കിട്ടിയിട്ടില്ല .

വേദാന്തവും മറ്റും വായിച്ചിട്ട് ഉണ്ടായ മനോ വിഭ്രാന്തി യാണിതൊക്കെ എന്ന് വിചാരിച് വീട്ടുകാര്‍ എന്നെ ഉടനെ മെഡിക്കല്‍കോളേജ് മനോരോഗ വിഭാഗത്തില്‍ കൊണ്ടുപോയി .
അവിടെ ഒരാഴ്ച നിരീക്ഷണത്തില്‍ കിടന്നിട്ടും ഒന്നും കാണുന്നില്ല .
ഒടുവില്‍ ഡോക്ടര്‍ എന്നോട് ചോദിച്ചു 'എന്താണ് നിങ്ങളുടെ പ്രശ്നം ' എന്ന് .

ഞാന്‍ ഉണ്ടായതൊകെ വള്ളിപുള്ളി വിടാതെ അദ്ദേഹത്തോടു പറഞ്ഞു .
പുസ്തകള്‍ വായിക്കുകയും കുന്ധലിനി ചെയ്തത് കൊണ്ടും ആണ് എനിക്ക് ഈ രോഗം വന്നതത്രെ .

എല്ലാം നിര്‍ത്തിയില്ലെങ്കില്‍ വീണ്ടും ഇതാവര്‍ത്തിക്കും .
ഒരു മാസത്തേക്ക് മരുന്നും എഴുതി .
വീട്ടുകാര്‍ ഒരുപാട് ഉണ്ടായിരുന്ന എന്‍റെ ഗ്രന്ഥങ്ങള്‍ എല്ലാം എടുത്തു മാറ്റി .

ഞാന്‍ ബ്രഹ്മചര്യമൊക്കെ ഉപേക്ഷിച് ഗൃഹസ്ഥനായി .
പിന്നീട് എനിക്ക് അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എങ്കിലും പഴയ ഓര്‍മ്മകള്‍ ഇപ്പോഴും എന്നില്‍ ഉള്‍പ്പുളകം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു .

കുരൂരമ്മക്ക് കറിക്ക് വരെ ഭഗവാന്‍ കൊണ്ട് കൊടുത്തിരിക്കുന്നു .
എല്ലാം വിചിത്രമായ ലീലകളാക്കി ചെയ്യുന്ന ഭഗവാന് ഇതിലൊന്നും ഒരു കാര്യവുമില്ലായിരിക്കാം .
നേരമ്പോക്ക് എന്നതില്‍ കവിഞ്ഞു മറ്റു പലതും ഇല്ലേ എന്ന് ചിന്തിക്കാനും
പൂന്താനത്തിനെ പോലെയോ മേല്പ്പത്തൂരിനെ പോലെയോ മഹാ കാവ്യങ്ങള്‍ എഴുതാനും ഞാന്‍ അശക്തനാണ് .
ദേഹം മണ്ണോടു ചേര്‍ന്നാലും എന്‍റെ ദേഹി അപ്പോഴും പാടികൊണ്ടിരിക്കും .
'ഒരു രാഗമെങ്കിലും ഈശ്വരാ നീയീ
മുരളിയില്‍ ഊതുവതെങ്കില്‍ എന്ന്‍ .

ഹരി ഓം ....




 











2016 മേയ് 15, ഞായറാഴ്‌ച

ഭഗവദ്ഗീതയും, യോഗീദര്‍ശനങ്ങളും ...

എല്ലായിടത്തും കണ്ണുകളും കരചരണങ്ങളും ചെവികളും ശിരസും ധരിച്ചാലെന്നപോലെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വവ്യാപിയും ആയി നിറഞ്ഞു നില്‍ക്കുന്ന ഒന്ന്‍ .
അത് കല്ലും മണ്ണും തീയും വെള്ളവും എന്നു വേണ്ട സര്‍വ്വ ചരാചരങ്ങള്‍ക്കും അകത്തും പുറത്തുമുണ്ട് .
സമ്പൂര്‍ണ്ണമായ ജഗത്തിന്റെ തുടക്കവും ഒടുക്കവും ചെന്നെത്തിയെടത്തൊക്കെ അതു മാത്രമുണ്ട് .
കല്പ്പാരംഭത്തിന്റെ തുടക്കം ആ അദൃശ്യ ചൈതന്യത്തില്‍നിന്നുമാകുന്നു .
ഇരുട്ടിലെ മറവില്‍നിന്നും പകല്‍ വെളിച്ചത്തിന്‍റെ വ്യക്തതയിലേക്കെന്ന പോലെ അനസ്യൂതം ഒരൊഴുകല്‍ .
പിന്നെ കല്പ്പാന്ത്യത്തില്‍ എല്ലാം തിരശ്ശീലയില്‍ ഒരു നിഴല്‍ പോലും വീഴാത്ത വിധം ശൂന്യമായി ആ യോഗമായയില്‍ തന്നെ മറഞ്ഞുപോകുന്നു .
കാലചക്രത്തിന്റെ തിരിച്ചില്‍ അനസ്യൂതമാണ് .
ഒന്നും എവിടെയും അവസാനിക്കുന്നില്ല .
ഓരോ സൃഷ്ടിയുടെയും ജനനമരണങ്ങള്‍ പോലെയാണത് .
ആദിയോ അന്ത്യമോ ഇല്ലാതെ അനാദിയായി എല്ലാം !
പ്രകൃതിയും പുരുഷനും ,
ആത്മാവും ജഡവും അങ്ങിനെ രണ്ടേരണ്ടു വേര്‍തിരിവേ ഉള്ളൂ എല്ലായിടത്തും .
ഇതില്‍ പ്രകൃതി എന്നത് പുരുഷന്‍റെ അധമാംശമാണ് .
തന്റെ സര്‍വ്വജ്ഞത്തെ മറച്ചുപിടിച്ച് ജീവാത്മാവെന്ന ഒരു അജ്ഞാന ഉല്‍പ്പന്നത്തെ സൃഷ്ടിച്ചെടുക്കാന്‍ പ്രയോഗിക്കുന്ന ഒരു മാര്‍ഗ്ഗംമാത്രം .
ഭൂമി ,ജലം ,അഗ്നി ,വായു ,ആകാശം ,മനസ്സ് ,ബുദ്ധി ,മിഥ്യാഹംകാരം എന്നിങ്ങനെ എട്ടെണ്ണം ചേരുമ്പോള്‍ പ്രകൃതി ഉണ്ടാകുന്നു .
ഇത് മായയെന്നു പറയുന്നു .
മായയ്ക്ക് അതീതനാണ് പരമപുരുഷനെങ്കില്‍ മായയ്ക്ക് വശപ്പെട്ടവനാണ് ജീവാത്മാവ് .
ജീവാത്മാവ് ,ജഡമെങ്കിലും തന്‍റെ സാന്നിധ്യം കൊണ്ടു മാത്രം ജീവനുള്ളതുപോലെ ഇരിക്കുന്ന പ്രകൃതിയെ തനിക്കു സ്വന്തമാക്കാന്‍ ഒരു മൂഡനെപ്പോലെ  പിറകെ പാഞ്ഞുകൊണ്ടിരിക്കുന്നു !
ശരീരം ,കര്‍മ്മം ചെയ്യുന്ന ആള്‍ ,കര്‍മ്മേന്ദ്രിയങ്ങള്‍ ,നാനാവിധം വരുന്ന വിവിധങ്ങളായ ഉദ്യമങ്ങള്‍ ,പരമാത്മാവ്‌ എന്നീ അഞ്ച് ഘടകങ്ങള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന കര്‍മ്മമാണ്‌ പ്രകൃതിയുടെ നിലനില്പ്പിനാവശ്യമായ എല്ലാ സൃഷ്ടി കളും നടത്തുന്നത് .
ത്രിഗുണാത്മികയാണ് പ്രകൃതി .
കര്‍മ്മബന്ധങ്ങളുടെ കര്‍തൃ സ്ഥാനത്ത് വരുന്ന ത്രിഗുണങ്ങളില്‍ ആദ്യത്തേത് സത്വ ഗുണമാണ് .
പ്രകാശമാനവും എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതുമായ സത്വഗുണം ആനന്ദത്താലും ജ്ഞാനത്താലും ദോഷ രഹിതമായി ജീവികളെ ബന്ധിച്ചിരിക്കുന്നു .
കര്‍മ്മ വാസനക്ക് കാരണമായ രജോഗുണം ജീവജാലങ്ങളെ ക്രിയോന്മുഖരാക്കി പ്രകൃതിയുടെ സൃഷ്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവിക്കുന്നു .
തമോഗുണമാകട്ടെ അലസതയുടെയും ഉറക്കത്തിന്റെയും ബുദ്ധിഹീനതയുടെയും കാരണമായും ഉന്മാദ കേന്ദ്രമായുമിരിക്കുന്നു !
ഇത് എല്ലായ്പ്പോഴും ഒരാളില്‍ ഒരുപോലെ ആയിരിക്കുകയില്ല .
മാറിമാറിവരുന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച് ഒന്ന്‍ മറ്റൊന്നിനുമേല്‍ മേല്‍ക്കൈ നേടുന്നു .
പ്രകൃതി അല്ലെങ്കില്‍ പ്രകൃതിയുടെ പരിചേദമായ ശരീരം തന്നെയാണ് ഓരോരുത്തരെയും താന്‍ ആത്മാവാണെന്നുള്ള ബോധത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് .
ജരാനരകളിലും ജനനമരണങ്ങളിലും പുനര്‍ജനനത്തിലും  ആത്മബോധത്തെ മറക്കുന്ന പുകമറയായി അത് എന്നും കാമാക്രോധലോഭ മോഹാദികളാല്‍ ജീവാത്മാവിനെ വലച്ചുകൊണ്ടെയിരിക്കും .
ഓരോരുത്തരും ജനിച്ചു മരിക്കുമ്പോള്‍ ശരീരം ഉപേക്ഷിക്കുന്നു എങ്കിലും കാറ്റ് പൂക്കളില്‍ നിന്നും സുഗന്ധത്തെ എന്നപോലെ തന്‍റെ ജന്മ  പ്രകൃതത്തെ വാസനാരൂപേണ ഗ്രഹിച്ചുകൊണ്ടുപോകുന്നു .
ആത്മാവ് കൊല്ലപ്പെടുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുന്നില്ല .
അതിനെ തീ കൊണ്ടെരിക്കാണോ വെള്ളത്താല്‍ നനക്കാനോ ആയുധം കൊണ്ടു മുറിവേല്‍പ്പി ക്കാനോ സാധ്യമല്ല .
അത് അനാദിയാണ് .
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ശരീരത്തിന്‍റെ കരണങ്ങളാണ്.
അവയ്ക്ക് വശംവദനായിട്ടാണ് ഓരോ ജീവാത്മാവും സാധാരണ ജീവിച്ചുപോരുന്നത് .
ഞാന്‍ ആത്മാവാണ് എന്ന ജ്ഞാനമുളള ഒരുവന്‍ ഈ തെറ്റായ ജീവിത രീതി വെടിഞ്ഞു താന്‍ തന്നെ യായ പരമാത്മാവിനെ ലക്ഷ്യ മുറപ്പിക്കുന്നു .
മോക്ഷത്തിനായി ആ മഹാത്മാവ് മറ്റെല്ലാ ലക്ഷ്യങ്ങളും ഉപേക്ഷിച്ച് സുഖദുഖ ശീതോഷ്ണ കാരകങ്ങളായ മനോബുദ്ധിന്ദ്രിയാദികളെ പ്രകൃതിക്ക് പിറകെയുള്ള അലച്ചിലില്‍ നിന്നും പിന്‍ വലിച്ചു ഈശ്വരനെ തന്നെ ലക്ഷ്യമാക്കുന്നു .
അവയുടെ കാമനകള്‍ക്ക്‌ പുറകെയുള്ള അലച്ചില്‍ ശമിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സ് ഒതുക്കം വന്നു ശാന്തമായ ദീപനാളം പോലെ ശോഭിക്കാന്‍ തുടങ്ങും .
മനസ്സിനെ ജയിച്ചവന് മനസ്സ് തന്നെ ഉറ്റ സുഹൃത്ത് .
അല്ലാത്തവന്റെ പരമ ശത്രുവും ഇതേ മനസ്സ് തന്നെ !
സത്വഗുണം പ്രകാശിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം ശാന്തിയും പിന്നെ പിന്നെ ഈശ്വരനെന്ന കൈവല്യത്തില്‍ മോക്ഷവുമായി .


പ്രാണായാമം യഥാര്‍ത്ഥ പ്രാണനെ പിടികിട്ടുവാന്‍ നടത്തുന്ന അഭ്യാസങ്ങളില്‍ ഒന്നാണ്. മനുഷ്യശരീരത്തില്‍ ഈ പ്രാണന്‍റെ ചലനം ഏറ്റവും വ്യക്തമായി കാണുന്നത് ശ്വാസോഛ്വാസത്തിലാണ്. പ്രാണന്‍റെ ചലനസ്വഭാവം തന്നെയാണ് ശ്വാസത്തേയും ചലിപ്പിക്കുന്നത്. അഭ്യാസം കൊണ്ട് നമ്മുടെ ശ്വാസകോശങ്ങളുടെ ചലനം നമ്മുടെ ഇഛാനുസരണം നിയന്ത്രിക്കാനായാല്‍ ശരീരം മുഴുവനും ഇപ്രകാരത്തില്‍ നമ്മുടെ നിയന്ത്രണത്തില്‍ വന്നുചേരുന്നു. എല്ലാവരും ഒരേ പ്രാണസമുദ്രത്തിലെ അംഗങ്ങളാണ്. സ്പന്ദനത്തിന്‍റെ മാത്രയിലുള്ള ഭേദമേയുള്ളൂ. സ്വശരീരത്തിലുള്ള പ്രാണനെ നിയന്ത്രിക്കാനാകുന്നവന് എല്ലാ ജീവജാലങ്ങളും ഇപ്രകാരം വശംവദരായിത്തീരുന്നു. ശ്വാസമില്ലാതെ ഒരു ദിവസം വരെ ജീവിക്കാന്‍ കഴിയുന്ന യോഗികള്‍ ഉണ്ടത്രെ.
1. പ്രാണന്‍ - ദര്‍ശന ശക്‌തി
2. അപാനന്‍ - വിസര്‍ജ്‌ജനശക്‌തി
3. സമാനനന്‍ - ദഹനശക്‌തി
4. വ്യാനന്‍ - രക്‌തചംക്രണശക്‌തി
5. ഉദാനനന്‍ - ചിന്താശക്‌തി
വ്യാനന്‍ ശരീരത്തില്‍ആകവേ വ്യാപിച്ചിരിക്കുന്നു. അതോടൊപ്പം മറ്റു പ്രാണനുകളെ നിയന്ത്രിക്കയുംചെയ്യുന്നു.
സത്യത്തില്‍ പ്രാണന്‍ ഒന്നേയുള്ളൂ. ഓരോന്നിന്റെയും പ്രവര്‍ത്തിക്കനുസരിച്ച്‌ വെവ്വേറെ നാമങ്ങള്‍ കൊടുത്തിരിക്കുന്നുവെന്നു മാത്രം. പ്രാണനെ സഹായിക്കാന്‍ അഞ്ച്‌ ഉപപ്രാണന്മാരുണ്ട്‌- അവ:
1. നാഗന്‍- തികട്ടന്‍.
2. കൂര്‍മ്മന്‍- കണ്ണു തുറക്കുക- അടയ്‌ക്കുക.
3. കൃകരയന്‍-തുമ്മല്‍
4. ദേവദത്തന്‍- കോട്ടുവ (വിശുംഭരണം)
5. ധനഞ്‌ജയന്‍- തടിക്കുക- മെലിയുക എന്നീ പ്രക്രിയ നടത്തുന്നു.
മരിച്ച ശരീരത്തില്‍ നിന്നും മറ്റു പ്രാണനുകള്‍പോയാലും ഏതാനുംമണിക്കൂറുകള്‍ കഴിഞ്ഞേ ധനജ്ജയന്‍ വിട്ടുപോകയുള്ളൂ. ശരീരത്തിന്‍റെ നാശത്തിനായുള്ള വിഘടീകരണം നടത്തിയശേഷം മാത്രമാണ് ഈ പ്രാണന്‍
ശരീരം വിട്ടു പോവുക.അതിനാലാണ് മരിച്ചു കഴിഞ്ഞാലും നഖവും താടിരോമവും വളരുന്നത്.
പ്രാണൻ ആത്മാവിൽ നിന്നുണ്ടാകുന്നു .
സാമ്രാട്ടുകൾ സാമന്തന്മാരുടെ സഹായത്തോടെ ഭരിക്കുന്നതുപോലെ പ്രാണൻ ശരീരത്തെ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, വാക്ക്, മനസ്സ്, കാഴ്ച, ശ്രവണം തുടങ്ങിയവകളുടെ ഉപകരണങ്ങളാക്കി ഭരിക്കുന്നു .
സൂര്യാസ്തമയത്തിൽ സൂര്യരശ്മികള്‍ സൂര്യനോടൊപ്പം മറഞ്ഞു നില്‍ക്കുന്ന പോലെ മനസ്സിന്റെ അസ്തമയമായ ഉറക്കത്തിൽ ശക്തികളെല്ലാം മനസ്സിൽ ലയിച്ചുകഴിയുന്നു. ആ സമയത്തും എല്ലാത്തിനേയും നിയന്ത്രിക്കുന്ന പ്രാണൻ ഉണർന്നു തന്നെ കഴിയുന്നു.
പ്രാണന്റെ ആയാമം ആണ് പ്രാണായാമം. എന്നു വച്ചാല്‍ പ്രാണന്റെ (ശ്വാസത്തിന്റെ) വലിച്ചു നീട്ടല്‍.
ശ്വാസത്തെ നിയന്ത്രിച്ച് അതിലൂടെ പ്രാണശക്തിയെ (ജീവോര്‍ജ്ജത്തെ) നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഇതിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്.
പൂരകം, കുംഭകം, രേചകം എന്നിവയാണവ.
പൂരകം - വായു ഉള്ളിലെടുത്ത് ശ്വാസകോശം നിറയ്ക്കുന്ന പ്രക്രിയ.
കുംഭകം - ഉള്ളിലെടുത്ത വായു ശ്വാസകോശത്തിനകത്തു തന്നെ നിര്‍ത്തുന്ന അവസ്ഥ.
രേചകം - ഉള്ളില്‍ നിര്‍ത്തിയ വായു ശ്വാസകോശത്തിനു പുറത്തേക്കു വിടുന്ന പ്രക്രിയ.
താളാത്മകമായും ദീർഘമായും ഉള്ള ശ്വസനം ദീർഘായുസ്പ്രദാനം ചെയുന്നു . ഉദാഹരണത്തിന് പെരുംപാമ്പ്, ആന, ആമ. ഇവ ദീർഘമായി ശ്വസിക്കുന്നവയും, ദീർഘായുസുള്ളവയുമാണ്. പറവകള്‍, മുയല്‍ തുടങ്ങിയ മൃഗ പക്ഷി ജാലങ്ങള്‍ ഹ്രസ്വമായി ശ്വസിക്കയും ചെറിയ ജീവിത കാലം ഉള്ളവയും ആകുന്നു.
പ്രാണന്റെ നിയന്ത്രണത്തിലൂടെ അതിനെ ഇച്ഛക്കനുസരിച് സഞ്ചരിക്കാന്‍ പരിശീലിക്കുന്നതാണ് പ്രാണായാമം .
യോഗ ഫിലോസഫി അനുസരിച്ച് നമ്മുടെ ശരീരത്തിലെ 72, 000 നാഡികളിലൂടെയും ഊര്‍ജ്ജം (പ്രാണന്‍) സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചിതറിപ്പോകുന്ന ഊര്‍ജ്ജത്തെ കോണ്‍സന്‍ ട്രേറ്റ് ചെയ്ത് രണ്ടു നാഡികളിലെത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യം.
ഇഡ , പിംഗല എന്നിവയാണ് ആ നാഡികള്‍. സുഷുംന എന്ന നാഡി നമ്മുടെ നട്ടെല്ലിനുള്ളിലൂടെ കടന്നു പോകുന്നു എന്നാണ് സങ്കല്‍പ്പം. ഈ നാഡിയുടെ ഇടതും വലതുമായാണ് യഥാക്രമം ഇഡയും പിംഗലയും സഞ്ചരിക്കുന്നത്.
ഇഡയിലും പിംഗലയിലും കൂടി പ്രവഹിക്കുന്ന ഊര്‍ജ്ജം സുഷുമനയിലെത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. സുഷുംനയിലൂടെ പ്രാണപ്രവാഹം ഉണ്ടാകുമ്പോള്‍ കുണ്‍ഡലിനി ശക്തി ഉണരുകയും അത് ആത്മീയ ഉത്കര്‍ഷത്തിനും അറിവിന്റെ ഉയര്‍ന്ന തലങ്ങളിലെത്താനുള്ള പ്രയാനത്തിനും തുടക്കം കുറിക്കുകയും ചെയ്യുന്നു.
യമം ,നിയമം ,ആസനം ,പ്രാണായാമം ,പ്രത്യാഹാരം ,ധാരണ ,ധ്യാനം ,സമാധി എന്നിങ്ങനെയാണ് യോഗത്തിന്‍റെ എട്ടംഗങ്ങള്‍ .
യമങ്ങള്‍ അഹിംസ ,സത്യം ,അസ്തേയം ,ബ്രഹ്മചര്യം ,അപരിഗ്രഹം ,എന്നിവയാണ് .
നിയമങ്ങള്‍ ബാഹ്യാഭ്യന്തര ശൌച്യം ,സംതൃപ്തി ,തപസ്സ് ,സ്വാധ്യായം ,ഈശ്വരോപാസന എന്നിവയും .
ആസനം ശരീരത്തെ അടക്കി നിശ്ചലമാക്കി വെക്കാന്‍ സഹായിക്കുന്നു .
പ്രാണായാമം പ്രാണന്‍റെ ഗതിവിഗതികളെ അടക്കി ചിത്തപ്രകാശത്തെ മറച്ചുപിടിക്കുന്ന ആവരണങ്ങള്‍ നശിപ്പിക്കുന്നു .
പ്രത്യാഹാരംകൊണ്ട് ഇന്ദ്രിയങ്ങള്‍ അവയുടെ വിഷയങ്ങളെ വിട്ട് ചിത്തസ്വരൂപത്തെ കൈക്കൊള്ളുന്നതാണ് .
ധാരണ ചിത്തത്തെ ഒരേയൊരു വിഷയത്തില്‍ മാത്രം ഉറപ്പിച്ചു നിര്‍ത്തുന്നു .
ധ്യാനം ധാരണകൊണ്ട് ഏതു വിഷയത്തില്‍ ചിത്തമുറച്ചുവോ ആ വിഷയത്തെപ്പറ്റി മാത്രം ജ്ഞാനവൃത്തി നടത്തി ഏകതാ സ്വരൂപത്തില്‍ ചിത്തത്തെ ലയിപ്പിക്കുന്നു .
സമാധിയില്‍ ധ്യാനം ധ്യേയ വസ്തുവിന്‍റെ ആകാരം പൂണ്ട് സ്വസ്വരൂപം ഒഴിഞ്ഞതുപോലെ ആയിത്തീരുന്നു .
ധാരണധ്യാനസമാധിത്രയങ്ങള്‍ ഒരേ വിഷയത്തെ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ അത് സംയമമാകുന്നു .
സംയമത്തിന്റെ ജയം കൊണ്ടു പ്രജ്ഞ തെളിയാന്‍ തുടങ്ങും .
ഇതു പടിപടിയായിട്ടു വേണം ചെയ്യാന്‍ .
കാരണം സംയമമെന്നത് മുന്‍പേ പറഞ്ഞവയെല്ലാറ്റിനും ഉള്ളില്‍ വരുന്നതാണ് .
സംയമത്തില്‍ ഭൂതഭവിഷ്യത്തുക്കളുടെ ജ്ഞാനമുണ്ടാകുന്നു .
പൂര്‍വ്വ ജന്മങ്ങളെ വരെ നാമിവിടെ കാണുന്നു .
പരശരീരങ്ങളിലെ ലക്ഷണങ്ങളില്‍ സംയമം ചെയ്‌താല്‍ പരചിത്ത ജ്ഞാനമുണ്ടാകുന്നു .
അണിമഹിമാദി അഷ്ടൈശ്വര്യങ്ങളില്‍ സംയമം ചെയ്‌താല്‍ അവയുണ്ടാകുന്നു .
ഭൂതങ്ങളില്‍ സംയമം ചെയ്‌താല്‍ അവയാകുന്നു .
എന്നാല്‍ ഈ സംയമം പോലും നിര്ബീജസമാധിക്കു പുറത്താണ് .
ചിത്തപ്രവൃത്തികള്‍ എല്ലാം തന്നെ അതിന്‍റെ പ്രഭുവായ പുരുഷന് ദൃശ്യമാക്കപ്പെടുന്നവയാണ് .
ചിത്തം ഒരിക്കലും പരിണാമശൂന്യനായ പുരുഷന്‍റെ സ്വന്തം പ്രകാശമല്ല .
സത്വരജസ്തമോഗുണബന്ധിതയായ പ്രകൃതി തന്നെ അത് .
ചിത്തവൃത്തികളുടെ സമ്പൂര്‍ണ്ണ നിരോധത്തിലൂടെ മാത്രമേ യഥാര്‍ത്ഥ കൈവല്ല്യം ഉണ്ടാവുകയുള്ളൂ.
(ഇതിലെ സത്വം ചാര്‍ജില്ലാത്ത ന്യൂട്രോണും , രജസ് പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണും , ഇലക്ട്രോണ്‍ നെഗറ്റീവ് ചാര്‍ജായ ഇലക്ട്രോണും ആണെന്ന്‍ ഒരു ആധുനീക ഭാഷ്യവും കാണുന്നുണ്ട് .
പ്രവര്‍ത്തനം ഉള്ളിടത്ത് സ്പന്ദനങ്ങള്‍ ഉണ്ടാകുന്നു .
സ്പന്ദനങ്ങള്‍ ഉള്ളിടത്ത് ശബ്ദവും .
പരബ്രഹ്മത്തില്‍ ലയിച്ചു സാമാന്യാവസ്ഥയില്‍ ഇരിക്കുന്ന പ്രകൃതി വിഷമാവസ്ഥയിലേക്ക് (ദൃശ്യരൂപത്തില്‍) മാറുമ്പോള്‍ സ്പന്ദനം ആരംഭിക്കുന്നു .
ഈ ശബ്ദമാണത്രേ പ്രണവം എന്ന ഓം കാരം .
യോഗിയുടെ ചിത്തം സാധന കൊണ്ട് നേര്‍ത്ത് പ്രകൃതിയുടെ സാമാന്യവസ്ഥ വിഷമാവസ്ഥ യിലേക്ക് മാറുന്ന ഈ ആദ്യ തലത്തില്‍ എത്തി ചേരുമ്പോള്‍ പ്രണവം കേട്ടു തുടങ്ങുമത്രേ .

 പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഭൗതികലോകവുമായുള്ള ബന്ധം വേര്‍പെടുത്തിയുള്ള ധ്യാനമാണ് സമാധി. സമാധിയില്‍ ആകെ എട്ട് നിലകളുണ്ട്‌. പരമോന്നതനിലയാണ്‌ മഹാസമാധി. ഗൌതമബുദ്ധന്‍റെ പല ശിഷ്യന്മാരും സമാധിനിലയിലേക്കെത്തിയിട്ട്‌ പിന്നീട്‌ തിരിച്ചു വന്നില്ല. അവര്‍ക്ക്‌ വരാന്‍ സാധിച്ചില്ല. പക്ഷേ ശ്രീബുദ്ധന്‍ എട്ട് സമാധിനിലകളെയും പരിശോധിച്ചു മനസ്സിലാക്കി; ജ്ഞാനം ലഭിക്കും മുമ്പു തന്നെ അതു തനിക്കാവശ്യമില്ലെന്നു കരുതി ഉപേക്ഷിച്ചു. ആ സമാധിനില, തന്നെ ജ്ഞാനനിലയിലേക്കു കൊണ്ടുപോവുകയില്ലെന്ന്‍ ശ്രീബുദ്ധന്‍ മനസ്സിലാക്കിയിരുന്നത്രേ. സമാധിനിലയിലേക്ക് എത്തിച്ചേരുന്ന പരമഹംസന്‌ ആ അവസ്ഥയില്‍ത്തന്നെ തുടരാനായിരുന്നു ആഗ്രഹം. പക്ഷേ അത്‌ അസാധ്യമായപ്പോള്‍ അദ്ദേഹം കാളിദേവിയെ പ്രാര്‍ത്ഥിച്ച്‌, “ദേവീ എനിക്കു സമാധിനില തരൂ” എന്ന്‍ കേണപേക്ഷിക്കുമായിരുന്നു. അങ്ങനെ പല പ്രാവശ്യത്തെ അഭ്യര്‍ത്ഥനകള്‍ക്കു ശേഷം സമാധി നിലയിലേക്കെത്താനും തിരിച്ചു വരാനുമുള്ള കഴിവ്‌ അദ്ദേഹത്തിനു നിയന്ത്രണവിധേയമായി. ആ അനുഭവത്തെ അദ്ദേഹം തന്‍റെ ശിഷ്യന്മാര്‍ക്ക്‌ പറഞ്ഞു കൊടുത്തു.
സമാധിനിലയെന്നു പറയുന്നത്‌ ഒരു ആനന്ദമയമായ സ്ഥിതിയാണ്‌. അതില്‍ നിന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം ചിലര്‍ തിരിച്ചുവരാറുണ്ട്‌. പക്ഷെ സമാധിനിലയിലെത്തുമ്പോള്‍ അബോധാവസ്ഥയിലാണെങ്കില്‍ തിരിച്ചുവരവ്‌ അസാദ്ധ്യമായിരിക്കും.

  
സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ശരീരങ്ങളുടെ പേരില്‍ മായയില്‍ പെട്ട ദേഹികള്‍ക്കു അനുഭവപ്പെടുന്ന ദ്വൈത ഭാവനകള്‍ ആണ് സൃഷ്ടി . ധ്യാനത്താലോ മോക്ഷത്താലോ ശരീര ബന്ധനം  ഒഴിവാകുന്നത് വരെ മാത്രമേ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ആയുസ്സുള്ളൂ . അതിനപ്പുറത്ത് മൂന്നു കാലങ്ങളെയും ഒന്നുപോലെ കാണാവുന്ന ജ്ഞാനത്തിനു മാത്രമേ നിലനില്‍പ്പുള്ളൂ . അവിടെയാണ് പിന്നെ ആ ദേഹികളുടെ വാസം .
അത് ജനനമരണങ്ങള്‍ ഇല്ലാത്ത അമൃതാവസ്ഥയാണ് .

ഹരി ഓം .




2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

ചില ലോകാവസാന ചിന്തകള്‍ .കഥ

 കിച്ചു സ്കൂളില്‍ നിന്നും എത്തിയത് ഏറെ പരിഭ്രമിച്ചാണ്.മൂന്നാം ക്ലാസിലെ പാഠ പുസ്തകങ്ങള്‍ മേശ മേല്‍ ഇട്ടു അവന്‍ ഖിന്നനായി ഇരുന്നു .അച്ഛനും അമ്മയും ഓഫീസില്‍ നിന്നും വരുന്നത് വരെ അവനാ ഇരിപ്പ് തുടര്‍ന്നു .
"2012 ല്‍ ലോകം അവസാനിക്കുമോ അച്ഛാ?"വന്ന പാടെ അവന്‍ അച്ഛനോട് ചോദിച്ചു .
"ഇല്ല മോനെ .മോനോടിത് ആരാ പറഞ്ഞത് ?"അച്ഛന്‍ ചിരിച്ചു .
"റോസ്‌മേരി യും ലിജോ യും .പക്ഷെ ഷിയാസും റഫീക്കും പറഞ്ഞത് 'ലോകം അവസാനിക്കും .അതൊരിക്കലും 2012 ല്‍ ആവില്ല 'എന്നാണ് .പിന്നെ പറഞ്ഞു പറഞ്ഞ് അവര്‍ തമ്മില്‍ വഴക്കുമായി ." കിച്ചു .
"ഇതും ആലോചിച്ചാണോ നീ യുണിഫോം പോലും മാറാതെ ഈ ഇരിപ്പ് ഇരിക്കുന്നത് ? പോയി വസ്ത്രം മാറ് "അമ്മ ശാസിച്ചു.
"കിച്ചു അമ്മ പറഞ്ഞത് അനുസരിക്കു .ചെല്ല് ."അച്ഛന്‍ ഗൌരവത്തില്‍ ആയി .
അന്ന് രാത്രി കിച്ചുവിന് ഉറക്കം വന്നില്ല .
അവന്റെ മനസ്സില്‍ ലോകാവസാനചിന്ത കളായിരുന്നു നിറയെ .
പുറത്ത് വെള്ളിടി വെട്ടി .ആകാശത്ത് മഴ മേഘങ്ങള്‍ വന്നു നിറഞ്ഞു .
കാറ്റ് വലിയ ശബ്ദത്തോടെ ജനല്‍ പാളികള്‍ വലിച്ചു അടച്ചപ്പോള്‍ കിച്ചു ഭയം കൊണ്ടു വിറച്ചുപോയി .ഇടക്കെപ്പോഴോ അവന്‍ ഉറങ്ങി.
രാവേറെ ചെന്നില്ല.
സമുദ്രം ഉള്ളിലേക്കു പിന്‍വാങ്ങി.
കടല്‍പ്പുറം കരപോലെ തെളിഞ്ഞു.
പെട്ടെന്ന് ദിഗദ്ധങ്ങള്‍ പിളരുമാറുച്ചത്തില്‍ സുനാമിത്തിരകള്‍ മത്സരിച്ചുപൊന്തി.
അവ കരയെ വിഴുങ്ങിക്കൊണ്ടു അംബരചുംബികളായി ഉയര്‍ന്നു മറിഞ്ഞു.
അടിവേരിളകിയ ഭൂമി വിറച്ചുതുള്ളി.
റിക്ച്ചര്‍സ്കയില്‍ തീവ്രത രണ്ടക്കം കടന്നു.
കോണ്‍ക്രീറ്റുസൌധങ്ങള്‍ ചില്ലുകൊട്ടാരങ്ങള്‍ കണക്കെ ചിതറിത്തകര്‍ന്നു.
രക്തവും മാംസവും അവയ്ക്കിടയിലൂടെ ചാലിട്ടൊഴുകി.
ഒരു കനത്ത കൈ ആകാശം പലതായി കീറിപ്പൊളിക്കുന്നതുകണ്ട് കിച്ചു ഉറക്കെ കരഞ്ഞു.
“കിച്ചുമോന്റെ കരച്ചിലല്ലേ അത്. വേഗം വരൂ.”അമ്മ അച്ഛനെ തട്ടിയുണര്‍ത്തി.
നെറ്റിയില്‍ തൊട്ടുനോക്കിയപ്പോള്‍ അവനെ പൊള്ളുന്നുണ്ടായിരുന്നു.
അച്ഛന്‍ അവനെ വാരിയെടുത്ത് കാറില്‍ കിടത്തി.
കാര്‍ ഇരുട്ടിലൂടെ പായുമ്പോഴും അവന്‍ പിച്ചും പേയും വിളിച്ചുപറയുന്നുണ്ടായിരുന്നു.
“കുട്ടി നന്നായി പേടിച്ചിട്ടുണ്ട്.ആ ഷോക്കില്‍നിന്നും ഉണ്ടായ പനിയാണിത്.”ഡോക്ടര്‍.നന്ദകുമാര്‍ അവനെ പരിശോധിച്ച്പറഞ്ഞു.
“ഇനിയെന്തുചെയ്യും ഡോക്ടര്‍”അമ്മ വേവലാതിപ്പെട്ടു.
“പേടിക്കേണ്ട കാര്യമില്ല.നിങ്ങള്‍ക്ക് അവനെ പറഞ്ഞു പേടി മാറ്റാവുന്നതേയുള്ളൂ.”
അവര്‍ തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും കിച്ചു ഉറക്കമായിട്ടുണ്ടായിരുന്നു.
ക്ലോക്കില്‍ 12ന്റെ മണിമുഴക്കം.
ഇന്ന് 2011 ഡിസംബര്‍ 31 ആണ്.
നാളെ മുതല്‍ ഒരു വര്‍ഷം കഴിഞ്ഞുതീരുമ്പോഴേക്കും എന്റെ കുഞ്ഞിന്റെ സ്തിതി എന്തൊക്കെയായിത്തീരും?
അച്ഛന്റെ ചിന്തകളില്‍ കനലുകളെരിഞ്ഞു.
ഹാളിലൂടെ അദ്ദേഹം അസ്വസ്തനായിനടന്നു.
റിമോട്ടില്‍ വിരലമര്‍ത്തിയപ്പോള്‍ കിട്ടിയത് ഒരു ടെലിബ്രാന്റ് ഷോ.
ശരിയാണ്. ലോകാവസാന വാര്‍ത്ത എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സര്‍വ്വരക്ഷാ യന്ത്രത്തിന്റെ പരസ്യമാണ്.
‘ലോകാവസാനം എപ്പോള്‍ വേണമെങ്കിലും സംഭവിച്ചുകൊള്ളട്ടെ.സര്‍വ്വമത പൂജകൊണ്ട് ശാക്തീകരിച്ച ഞങ്ങളുടെ ഈ യന്ത്രം ധരിച്ചാല്‍ ഏതുവിധേന സംഭവിക്കുന്ന ആപത്തുകളും വഴി മാറിപ്പോകും.
ധരിക്കേണ്ടവിധം കൂടെയുള്ള CD യില്‍.
വില പരിമിതം.’
ചാനല്‍ മാറ്റി നോക്കി.
അവസാനിക്കുന്നില്ല.
ഒന്നിനെ വെല്ലുന്ന മറ്റൊന്നിന്റെ രൂപത്തില്‍ രക്ഷായന്ത്രങ്ങളുടെ പരസ്യങ്ങള്‍ വന്നു നിറയുകയാണ്.
അദ്ദേഹത്തിന്റെ ചിന്തകളില്‍ പുതിയൊരു വെളിച്ചമുണ്ടായി.
എന്തായാലും ഒരു യന്ത്രം വാങ്ങി മകനെ ധരിപ്പിക്കണം.വീടിനകത്തും പുറത്തും സ്താപിക്കാനുള്ള യന്ത്രങ്ങളുണ്ടെങ്കില്‍ അതും വാങ്ങണം.
ലോകം അവസാനിക്കുകയോ അവസാനിക്കാതിരിക്കുകയോ ചെയ്യട്ടെ.തല്‍ക്കാലം പ്രശ്നങ്ങള്‍ ഇവിടംകൊണ്ട് തീര്‍ന്നുകൊള്ളും.
അച്ഛന്റെ ചുണ്ടില്‍ ചെറു ചിരി വിടര്‍ന്നു.
അദ്ദേഹം tv ഓഫ് ചെയ്ത് ബെഡ് റൂമിലേക്കു നടന്നു.
**********