pushpamgad.blogspot

pushpamgad.blogspot
സ്വാഗതം.

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

ചില ലോകാവസാന ചിന്തകള്‍ .കഥ

 കിച്ചു സ്കൂളില്‍ നിന്നും എത്തിയത് ഏറെ പരിഭ്രമിച്ചാണ്.മൂന്നാം ക്ലാസിലെ പാഠ പുസ്തകങ്ങള്‍ മേശ മേല്‍ ഇട്ടു അവന്‍ ഖിന്നനായി ഇരുന്നു .അച്ഛനും അമ്മയും ഓഫീസില്‍ നിന്നും വരുന്നത് വരെ അവനാ ഇരിപ്പ് തുടര്‍ന്നു .
"2012 ല്‍ ലോകം അവസാനിക്കുമോ അച്ഛാ?"വന്ന പാടെ അവന്‍ അച്ഛനോട് ചോദിച്ചു .
"ഇല്ല മോനെ .മോനോടിത് ആരാ പറഞ്ഞത് ?"അച്ഛന്‍ ചിരിച്ചു .
"റോസ്‌മേരി യും ലിജോ യും .പക്ഷെ ഷിയാസും റഫീക്കും പറഞ്ഞത് 'ലോകം അവസാനിക്കും .അതൊരിക്കലും 2012 ല്‍ ആവില്ല 'എന്നാണ് .പിന്നെ പറഞ്ഞു പറഞ്ഞ് അവര്‍ തമ്മില്‍ വഴക്കുമായി ." കിച്ചു .
"ഇതും ആലോചിച്ചാണോ നീ യുണിഫോം പോലും മാറാതെ ഈ ഇരിപ്പ് ഇരിക്കുന്നത് ? പോയി വസ്ത്രം മാറ് "അമ്മ ശാസിച്ചു.
"കിച്ചു അമ്മ പറഞ്ഞത് അനുസരിക്കു .ചെല്ല് ."അച്ഛന്‍ ഗൌരവത്തില്‍ ആയി .
അന്ന് രാത്രി കിച്ചുവിന് ഉറക്കം വന്നില്ല .
അവന്റെ മനസ്സില്‍ ലോകാവസാനചിന്ത കളായിരുന്നു നിറയെ .
പുറത്ത് വെള്ളിടി വെട്ടി .ആകാശത്ത് മഴ മേഘങ്ങള്‍ വന്നു നിറഞ്ഞു .
കാറ്റ് വലിയ ശബ്ദത്തോടെ ജനല്‍ പാളികള്‍ വലിച്ചു അടച്ചപ്പോള്‍ കിച്ചു ഭയം കൊണ്ടു വിറച്ചുപോയി .ഇടക്കെപ്പോഴോ അവന്‍ ഉറങ്ങി.
രാവേറെ ചെന്നില്ല.
സമുദ്രം ഉള്ളിലേക്കു പിന്‍വാങ്ങി.
കടല്‍പ്പുറം കരപോലെ തെളിഞ്ഞു.
പെട്ടെന്ന് ദിഗദ്ധങ്ങള്‍ പിളരുമാറുച്ചത്തില്‍ സുനാമിത്തിരകള്‍ മത്സരിച്ചുപൊന്തി.
അവ കരയെ വിഴുങ്ങിക്കൊണ്ടു അംബരചുംബികളായി ഉയര്‍ന്നു മറിഞ്ഞു.
അടിവേരിളകിയ ഭൂമി വിറച്ചുതുള്ളി.
റിക്ച്ചര്‍സ്കയില്‍ തീവ്രത രണ്ടക്കം കടന്നു.
കോണ്‍ക്രീറ്റുസൌധങ്ങള്‍ ചില്ലുകൊട്ടാരങ്ങള്‍ കണക്കെ ചിതറിത്തകര്‍ന്നു.
രക്തവും മാംസവും അവയ്ക്കിടയിലൂടെ ചാലിട്ടൊഴുകി.
ഒരു കനത്ത കൈ ആകാശം പലതായി കീറിപ്പൊളിക്കുന്നതുകണ്ട് കിച്ചു ഉറക്കെ കരഞ്ഞു.
“കിച്ചുമോന്റെ കരച്ചിലല്ലേ അത്. വേഗം വരൂ.”അമ്മ അച്ഛനെ തട്ടിയുണര്‍ത്തി.
നെറ്റിയില്‍ തൊട്ടുനോക്കിയപ്പോള്‍ അവനെ പൊള്ളുന്നുണ്ടായിരുന്നു.
അച്ഛന്‍ അവനെ വാരിയെടുത്ത് കാറില്‍ കിടത്തി.
കാര്‍ ഇരുട്ടിലൂടെ പായുമ്പോഴും അവന്‍ പിച്ചും പേയും വിളിച്ചുപറയുന്നുണ്ടായിരുന്നു.
“കുട്ടി നന്നായി പേടിച്ചിട്ടുണ്ട്.ആ ഷോക്കില്‍നിന്നും ഉണ്ടായ പനിയാണിത്.”ഡോക്ടര്‍.നന്ദകുമാര്‍ അവനെ പരിശോധിച്ച്പറഞ്ഞു.
“ഇനിയെന്തുചെയ്യും ഡോക്ടര്‍”അമ്മ വേവലാതിപ്പെട്ടു.
“പേടിക്കേണ്ട കാര്യമില്ല.നിങ്ങള്‍ക്ക് അവനെ പറഞ്ഞു പേടി മാറ്റാവുന്നതേയുള്ളൂ.”
അവര്‍ തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും കിച്ചു ഉറക്കമായിട്ടുണ്ടായിരുന്നു.
ക്ലോക്കില്‍ 12ന്റെ മണിമുഴക്കം.
ഇന്ന് 2011 ഡിസംബര്‍ 31 ആണ്.
നാളെ മുതല്‍ ഒരു വര്‍ഷം കഴിഞ്ഞുതീരുമ്പോഴേക്കും എന്റെ കുഞ്ഞിന്റെ സ്തിതി എന്തൊക്കെയായിത്തീരും?
അച്ഛന്റെ ചിന്തകളില്‍ കനലുകളെരിഞ്ഞു.
ഹാളിലൂടെ അദ്ദേഹം അസ്വസ്തനായിനടന്നു.
റിമോട്ടില്‍ വിരലമര്‍ത്തിയപ്പോള്‍ കിട്ടിയത് ഒരു ടെലിബ്രാന്റ് ഷോ.
ശരിയാണ്. ലോകാവസാന വാര്‍ത്ത എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സര്‍വ്വരക്ഷാ യന്ത്രത്തിന്റെ പരസ്യമാണ്.
‘ലോകാവസാനം എപ്പോള്‍ വേണമെങ്കിലും സംഭവിച്ചുകൊള്ളട്ടെ.സര്‍വ്വമത പൂജകൊണ്ട് ശാക്തീകരിച്ച ഞങ്ങളുടെ ഈ യന്ത്രം ധരിച്ചാല്‍ ഏതുവിധേന സംഭവിക്കുന്ന ആപത്തുകളും വഴി മാറിപ്പോകും.
ധരിക്കേണ്ടവിധം കൂടെയുള്ള CD യില്‍.
വില പരിമിതം.’
ചാനല്‍ മാറ്റി നോക്കി.
അവസാനിക്കുന്നില്ല.
ഒന്നിനെ വെല്ലുന്ന മറ്റൊന്നിന്റെ രൂപത്തില്‍ രക്ഷായന്ത്രങ്ങളുടെ പരസ്യങ്ങള്‍ വന്നു നിറയുകയാണ്.
അദ്ദേഹത്തിന്റെ ചിന്തകളില്‍ പുതിയൊരു വെളിച്ചമുണ്ടായി.
എന്തായാലും ഒരു യന്ത്രം വാങ്ങി മകനെ ധരിപ്പിക്കണം.വീടിനകത്തും പുറത്തും സ്താപിക്കാനുള്ള യന്ത്രങ്ങളുണ്ടെങ്കില്‍ അതും വാങ്ങണം.
ലോകം അവസാനിക്കുകയോ അവസാനിക്കാതിരിക്കുകയോ ചെയ്യട്ടെ.തല്‍ക്കാലം പ്രശ്നങ്ങള്‍ ഇവിടംകൊണ്ട് തീര്‍ന്നുകൊള്ളും.
അച്ഛന്റെ ചുണ്ടില്‍ ചെറു ചിരി വിടര്‍ന്നു.
അദ്ദേഹം tv ഓഫ് ചെയ്ത് ബെഡ് റൂമിലേക്കു നടന്നു.
**********