pushpamgad.blogspot

pushpamgad.blogspot
സ്വാഗതം.

2016, ജൂൺ 29, ബുധനാഴ്‌ച

ഞാനും ഈശ്വരനും തമ്മില്‍ എന്ത് ?

 ഞാന്‍ എന്ന ഭാവം നീങ്ങിയാല്‍ ഈശ്വര സാക്ഷാല്‍കാരം ഉണ്ടാകുന്നു .
പിന്നീട് എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ വഴിയുമില്ല .
കാരണം അവിടെ പിന്നെ അവശേഷിക്കുന്നത് ഈശ്വരന്‍ മാത്രമാണ് .
എന്താണ് ഈശ്വരന്‍?
ആചാര്യന്മാര്‍ക്ക് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് .
അത് അവര്‍ മറ്റുള്ളവരുമായി പങ്കുവച്ചു .
ശിഷ്യപരമ്പരകള്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചും ആ അറിവ് മറ്റുള്ളവരില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു .
മനുഷ്യന്‍ രൂപപ്പെട്ട കാലം മുതല്‍ തുടര്‍ന്നു പോരുന്ന ഈ ജ്ഞാന യജ്ഞം ഇപ്പോള്‍ ഇവിടെ നമ്മളും തുടര്‍ന്നു പോരുന്നു . 

അറിവുകള്‍ ഈ ലോകത്തിനു നഷ്ടപ്പെടരുതെന്നു കരുതി ഞാനും എനിക്കുണ്ടായ എളിയ അനുഭവങ്ങള്‍ ശ്രേഷ്ഠരായ ഗുരുഭൂതന്മാരേ പ്രണമിച്ചുകൊണ്ട്  ഇവിടെ രേഖപ്പെടുത്തുന്നു .
ഇവിടെ ഇപ്പോള്‍ എഴുതുന്നത് വിഷ്ണുവിനെ പറ്റി മാത്രമായതുകൊണ്ട് മറ്റു വിശ്വാസങ്ങളെ നിഷേധിക്കുന്നു എന്ന് ആരും തെറ്റിദ്ധരിക്കരുത് .
എന്‍റെ കൈയ്യിലുള്ളതല്ലേ എനിക്ക് തരാന്‍ പറ്റൂ .

മത്സ്യം മുതല്‍ കല്‍ക്കി വരെ മഹാവിഷ്ണുവിന്‍റെ ദിവ്യാവതാരങ്ങള്‍ കണ്ടറിഞ്ഞവരാണ്   ഋഷിവര്യന്മാര്‍ .
പൂന്താനം പോലുള്ള ധന്യാത്മാക്കളുടെ നേരനുഭവങ്ങള്‍ വേറെയുമുണ്ട്.
മഹാ ജ്ഞാനികളായ അവര്‍ പോലും വാക്കുകള്‍ മതിയാകാതെ നമിച്ചുവീണ ആ മഹാ പ്രഭുവിന്‍റെ ശരിയായ രൂപം ആര്‍ എവിടെയാണ് ദര്‍ശിച്ചിട്ടുള്ളതും വര്‍ണ്ണിച്ചിട്ടുള്ളതും !   
ഒരുപാട് ഉപാസിച്ചിട്ടും അനുഭവങ്ങള്‍ ഉണ്ടായില്ലല്ലോ എന്ന് നിരാശപ്പെടുന്ന ഭഗവദ് ഭക്തര്‍ക്കായി വിചിത്രവും വിവരണാതീതമായതുമായ എന്‍റെ അനുഭവങ്ങള്‍ ഇവിടെ എഴുതുന്നു .
മഹാ മായാവിയായ അദ്ദേഹത്തിന്‍റെ മായാ ഭാവനകള്‍ ആരാലും നിര്‍വചിക്കാന്‍ സാധിക്കുകയില്ലെന്ന് ഇത് വായിക്കുമ്പോള്‍ വഴിയെ നമുക്ക് മനസ്സിലാകും !

പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ്  എനിക്ക് ഒരു വിഷ്ണു ദര്‍ശനമുണ്ടാകുകയും അതിന്‍റെ  തുടര്‍ച്ചയായി  പല അനുഭവങ്ങളും ജീവിതത്തില്‍ സംഭവിക്കുകയും ചെയ്തു .

ഇത് ആരോട് എങ്ങനെ പറയണം എന്നറിയാതെ ഞാന്‍ ഒരുപാട് വിഷമിച്ചു പോയിട്ടുണ്ട് .
ഇപ്പോഴും എങ്ങനെ പറഞ്ഞുതുടങ്ങണം എന്ന് ഒരു രൂപവും കിട്ടുന്നുമില്ല .

എനിക്ക് 28നടുത്ത് പ്രായമുണ്ടന്ന്.
കൂട്ടുകാരന്‍ ശശികുമാറിന്‍റെ കൂടെ  തട്ടകത്തെ ദേവീക്ഷേത്രത്തില്‍ പോയതാണ് ഞങ്ങള്‍.
ക്ഷേത്രത്തില്‍ ചെന്നാല്‍ തൊഴുന്നതു പതിവാണല്ലൊ.
ആദ്യം ദേവീക്ഷേത്രത്തില്‍ തൊഴുതുനില്‍ക്കുമ്പോള്‍ ആണ്

അപരിചിതരായ മൂന്നു പെണ്‍കുട്ടികള്‍ കൈയ്യില്‍ പൂക്കളൊക്കെ ശേഖരിച്ച താലമൊക്കെയായി ക്ഷേത്രത്തിലേക്ക് വന്നത് .

അവരില്‍ ഒരാള്‍ തലയില്‍ തട്ടമൊക്കെ ഇട്ടു ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വേഷത്തില്‍ ആയിരുന്നു .
അഹിന്ദുക്കള്‍ക്ക്  പ്രവേശനം പതിവില്ലാത്തത് കൊണ്ട് അവിടെയുള്ളവര്‍ അവരെ തടഞ്ഞുനിര്‍‍ത്തി .
അപ്പോളവര്‍ 'അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ കയറിയാല്‍ എന്താണ് സംഭവിക്കുക എന്നു നോക്കട്ടെ ' എന്നും പറഞ്ഞു ക്ഷേത്രത്തില്‍ കയറി കൈയിലുള്ളത് നേദിക്കാനായി ശ്രീകോവിലില്‍ കൊടുത്തു .

ഞാനും കൂട്ടുകാരനും ഇതൊന്നും ശ്രദ്ധിക്കാതെ തൊട്ടടുത്തുള്ള വിഷ്ണു ക്ഷേത്രത്തില്‍ ചെന്നു.
ചെറിയ മഴ പെയ്യുന്ന കാലമായിരുന്നതുകൊണ്ട് കൈയ്യില്‍ കുടയുണ്ടായിരുന്നു.
തൊഴുന്നതിനായി കുട എവിടെ വെക്കും .
തല്‍ക്കാലം ക്ഷേത്രത്തിന്റെ ഭിത്തിയില്‍ തന്നെ വെച്ചു.
എന്നിട്ട് തൊഴുന്നതിനായി കൈ കൂപ്പി നിന്നതേയുള്ളു.
കുട ഉരുണ്ടുകൊണ്ട് ദൂരേക്കു തെറിച്ചുവീണു.
ശാന്തിക്കാരന്‍ ഭഗവതീക്ഷേത്രത്തില്‍ നിന്നും വന്നിട്ടില്ലായിരുന്നതുകൊണ്ട് വിഷ്ണു ക്ഷേത്രത്തിന്‍െറ നടയിനിയും തുറന്നിട്ടില്ലായിരുന്നു.
അടുത്ത പടി പ്രാര്‍ത്ഥിക്കുന്നതിനായി കണ്ണുകളടച്ചപ്പോള്‍ കാഴ്ചക്കുമപ്പുറത്ത് പ്രജ്ഞയില്‍ ആകാശം മുന്നോട്ടുംപിന്നോട്ടും ആടിക്കൊണ്ടിരിക്കുന്ന രൂപത്തില്‍ ഭഗവാന്‍റെ ദിവ്യരൂപമാണ് ഞാനാനേരത്തു കണ്ടത്.


പ്രജ്ഞാനം ബ്രഹ്മമാണെന്നോ വിഷ് ദാതുവിന് വ്യാപനശീലന്‍ എന്നര്‍ത്ഥമുണ്ടെന്നോ അറിവില്ലാതിരുന്ന കാലം.
ഭഗവദ് ദര്‍ശനത്തിന്‍റെ മഹിമയറിയാതെ കണ്ണു തുറന്നു സാക്ഷാത് ആകാശത്തേക്കു നോക്കി
യപ്പോളാണ് ശരിക്കും അത്ഭുതപ്പെട്ടത്.
കാരണം മേഘക്കാറുകള്‍ നിറഞ്ഞ അതേ ആകാശം തന്നെ ഇതും.
ആത്ചര്യം!
വീണ്ടും കണ്ണു കളടച്ചപ്പോള്‍ ഭഗവാന്‍റെ ആകാശരൂപം ആടിക്കൊണ്ട് അങ്ങിനെത്തന്നെയുണ്ട്.


ഈ സമയത്ത് അപരിചിതരായ ആ മൂന്നു പെണ്‍കുട്ടികളും ഇവിടേക്ക് തന്നെ ചെറുതായി ചിരിച്ചുകൊണ്ട് നോക്കി നില്‍ക്കുകയായിരുന്നു .

എന്നിട്ട് അവര്‍ അവിടെ നിന്നും വിഷ്ണു ക്ഷേത്രത്തിലേക്ക് വന്നു .
സാധാരണ വലം ചുറ്റിയാണല്ലോ നമ്മള്‍ പ്രദക്ഷിണം ചെയ്യാറ് .
എന്നാല്‍ അവര്‍ വിഷ്ണു ക്ഷേത്രത്തെ ഇടം ചുറ്റിയാണ്‌ പ്രദക്ഷിണം ചെയ്തത് .

അപ്പോള്‍ കണ്ടു നിന്നവര്‍ ' അവര്‍ക്കെല്ലാതും ഇടത്തു നിന്നല്ലേ . ഇതിനുള്ളത് അവര്‍ക്ക് തന്നെ കിട്ടും ' എന്നു അഭിപ്രായപ്പെട്ടു .

പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല .
ഇതില്‍ എന്തൊക്കെയോ നിഗൂഡതകള്‍ ഉണ്ടെന്നു തോന്നി .

അതൊക്കെ അങ്ങിനെ കഴിഞ്ഞു പോയി .
ഞാന്‍ ഈശ്വരാന്വേഷണം തുടങ്ങി .
ഗീതയും വേദവും ബ്രഹ്മസൂത്രവും യോഗയും ബൈബിളും ഖുറാനും തൊട്ടു കുന്ധലിനീ സാധന വരെ തുടങ്ങി .

ആ സമയത്ത് പല ദൃശ്യങ്ങളും കണ്ണിനു മുന്നില്‍ തെളിഞ്ഞു വരുമായിരുന്നു .
ഒരു ദൃശ്യത്തില്‍ ഒരു പാമ്പ്‌ ഇഴഞ്ഞു വരുന്നു .
അത് ചുറ്റുപാടും നോക്കി എന്നിട്ട് നന്നായി തലയുയര്‍ത്തി പത്തിയും വിരിച്ചു നില്‍പ്പായി .
അപ്പോഴാണ്‌ ഒരു കൈ പാമ്പിനു മുമ്പിലേക്ക് നീട്ടപ്പെട്ടത് .
ഇരുണ്ടതും വെളുത്തതും അല്ലാത്ത മദ്ധ്യ നിറത്തിലുള്ള ആ കൈയ്യുടെ മുട്ടിനു ശേഷമുള്ള ഭാഗം രംഗത്തേക്ക് വെളിപ്പെട്ടില്ല .
പാമ്പിനു നേരെ നീട്ടിയ ആ കൈയ്യില്‍ അത് ആഞ്ഞു കൊത്തി .
പക്ഷെ ആ കൈ തന്‍റെ ചൂണ്ടുവിരലും നടുവിരലും 'v' ആകൃതിയില്‍ അകത്തിപ്പിടിച് ഒരു കെണി യുണ്ടാക്കി .
രണ്ടു വിരലിനും മദ്ധ്യേ ഉണ്ടായ ആ കെണിയില്‍ പാമ്പിന്‍റെ പത്തി കുരുങ്ങി അനങ്ങാന്‍ പറ്റാത്ത വിധത്തിലായി .
അല്‍പ്പ നേരംകൊണ്ട് പാമ്പ്‌ തവളയായി നിസ്സഹായതയോടെ ആ കൈയ്യില്‍ പെട്ടുപോയി .

ജാഗ്രത്തില്‍ കണ്ടതുകൊണ്ട് ഇത്  സ്വപ്നമായി എനിക്ക് തോന്നിയില്ല .
അങ്ങിനെയിരിക്കെ ഒരു ദിവസം ഞാന്‍ ബസ്സില്‍ വരികയായിരുന്നു .
ഏകദേശം നാട് അടുക്കാറായി .
സൈഡ് സീറ്റില്‍ ഇരുന്നിരുന്ന എനിക്ക് ഉടുത്തിരുന്ന മുണ്ടിന്‍റെ കോന്തല ബസ്സിനു പുറത്തേക്ക് ഒരു കൊടി പോലെ പറപ്പിക്കാന്‍ ഉള്ളില്‍ നിന്നും ഒരു പ്രേരണ ഉണ്ടായി .
ഞാന്‍ അങ്ങിനെ ചെയ്തു .
അതുപോലെ ഇടതു കൈവിരല്‍ 'v' പോലെ പുറത്തേക്ക് പിടിക്കണം എന്നു തോന്നി .
അതും ചെയ്തു .
ഉടനെ ബസ്സ്‌ കണ്ടക്ടറും ക്ലീനറും ഒക്കെ കൈ പുറത്തേക്ക് ഇടരുത് എന്നും പറഞ്ഞു അടുത്തേക്ക്‌ വന്നു .

ഇതിനകം ഇറങ്ങേണ്ട സ്ഥലം ആയിത്തുടങ്ങിയിരുന്നു .
പെട്ടെന്ന്‍ ഞാന്‍ "നിറുത്തെടാ " എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് എഴുന്നേറ്റു .
ബസ്സ്‌ പെട്ടെന്ന് നിര്‍ത്തി .

ബസ്സില്‍ നിന്നും ഇറങ്ങിയ എനിക്ക് "യദായദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത..." എന്ന ഗീതയിലെ ശ്ലോകം പാടണമെന്ന് തോന്നി .
ഞാന്‍ ഉറക്കെ അങ്ങിനെ ചെയ്തപ്പോള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി .

പിന്നെ സംസാരിച്ചത് ഞാന്‍ ആയിരുന്നില്ല എന്നു പറയുന്നതാണ്ശരി .
എന്‍റെ പ്രേരണയോ അനുമതിയോ കൂടാതെ എന്‍റെ പോലും ശബ്ദത്തിലല്ലാതെ ഞാന്‍ അതിമനോഹരമായി
"ഇന്ത്യയെന്റെ രാജ്യം
എന്റെ സ്വന്ത രാജ്യം
ഇന്ത്യയെന്റെ ജീവനേക്കാള്‍
ജീവനായ രാജ്യം
ഉണരുവിന്‍ യുവാക്കളെ
ഉണരുവിന്‍ സഖാക്കളെ
...."
എന്നിങ്ങനെ എന്‍റെ കൂട്ടുകാരന്‍ ബാബുരാജിന്റെ ശബ്ദത്തില്‍ പാടാന്‍ തുടങ്ങിയപ്പോള്‍ എനിക്കു മനസ്സിലായി ഇത് ചെയ്യുന്നത് ഭഗവാന്‍ വിഷ്ണു തന്നെ ആണെന്ന് .

എനിക്കു പോലും ഇത്ര മനോഹരമായി എന്‍റെ നാവ് ഉപയോഗിക്കാന്‍ കഴിയില്ല .

"ഞാന്‍ സര്‍വാധിപതിയായ മഹാവിഷ്ണു .
എന്നെ എതിര്‍ക്കുവാന്‍ ആരുമില്ല .
എന്റെ പ്രശസ്തി ലോകമെങ്ങും മുഴങ്ങുന്നു .
മഹാവിഷ്ണുവിന്റെ പടവാള്‍ ഇതാ വരുന്നു ."

ഞാനിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ് .
വളരെ സ്പീഡിലും എനിക്കു കേട്ടുകേള്‍വി ഇല്ലാത്ത വാക്കുകള്‍ ആയതിനാലും പലതും ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നില്ല .

അങ്ങിനെ നടന്ന് നാട്ടിലെ ഒരു പള്ളിക്ക് മുന്‍പില്‍ എത്തി (ഏതു വിഭാഗത്തിന്റെത് എന്ന് പറയുന്നില്ല ).

അവിടെ എത്തിയപ്പോള്‍ ഇവിടേക്ക് ഒന്നും ഇല്ലേ എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചതെ ഉള്ളൂ .
അതാ വരുന്നു അവിടത്തെ നേര്‍ച്ച പ്പെട്ടിയിലേക്ക് കൈ വീശിയെറിഞ്ഞു കൊണ്ട് ...
"കള്ളനും കൊലപാതകിക്കും ഉള്ള ശമ്പളം നേര്‍ച്ചപ്പെട്ടിയിലേക്ക് പോകട്ടെ "
എന്ന് .

ഈ പറഞ്ഞതിന്റെയും ഇനി പറയാന്‍ പോകുന്നതിന്റെയും ആശയം എനിക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല .
അടുത്തത് കൂട്ടുകാരന്‍ സലിമിന്റെ വീടിനു മുന്‍പില്‍ വെച്ചാണ് സംഭവിച്ചത് .
അതിതായിരുന്നു .

സലിമിന്റെ വാപ്പയും അനുജത്തി യും വലിയുപ്പ യുടെ മകളും  പൂമുഖത്ത് ഇരിക്കുന്നുണ്ടായിരുന്നു .
ഞാന്‍ വെറുതെ വാപ്പയോടു സലിം ഉണ്ടോ എന്നു ചോദിച്ചു .
വാപ്പ ഇല്ലെന്നും പറഞ്ഞു .
ശരിയെന്നു പറഞ്ഞു മുന്നോട്ടു രണ്ടടി വെച്ചതെ ഉള്ളൂ .
"എന്റെ സര്‍വ്വാധികാരിപ്പട്ടം സലിമിന് നല്‍കുന്നു ."
എന്നും പറഞ്ഞു എന്‍റെ വലതു കൈ  വീശി .
ആ കയ്യിന് അണുവിട പിഴക്കാത്ത ഒരു ഉന്നമുണ്ടായിരുന്നു  .
മാഗ്നറ്റിക്‌ കോമ്പസിലെ സൂചി പോലെ അത് കൃത്യമായി  വലിയുപ്പയുടെ മകള്ളുടെ  കണ്ണുകള്‍ക്ക്‌ നേരെ നേര്‍ക്കുനേര്‍ വന്നുനിന്നു .

ഇതൊക്കെ എന്തിനാണ് എന്നൊക്കൊണ്ട് ഭഗവാന്‍ ചെയ്യിച്ചതെന്ന് ആലോചിച് ഇത് വരെ ഒരു എത്തും പിടിയും കിട്ടിയിട്ടില്ല .

വേദാന്തവും മറ്റും വായിച്ചിട്ട് ഉണ്ടായ മനോ വിഭ്രാന്തി യാണിതൊക്കെ എന്ന് വിചാരിച് വീട്ടുകാര്‍ എന്നെ ഉടനെ മെഡിക്കല്‍കോളേജ് മനോരോഗ വിഭാഗത്തില്‍ കൊണ്ടുപോയി .
അവിടെ ഒരാഴ്ച നിരീക്ഷണത്തില്‍ കിടന്നിട്ടും ഒന്നും കാണുന്നില്ല .
ഒടുവില്‍ ഡോക്ടര്‍ എന്നോട് ചോദിച്ചു 'എന്താണ് നിങ്ങളുടെ പ്രശ്നം ' എന്ന് .

ഞാന്‍ ഉണ്ടായതൊകെ വള്ളിപുള്ളി വിടാതെ അദ്ദേഹത്തോടു പറഞ്ഞു .
പുസ്തകള്‍ വായിക്കുകയും കുന്ധലിനി ചെയ്തത് കൊണ്ടും ആണ് എനിക്ക് ഈ രോഗം വന്നതത്രെ .

എല്ലാം നിര്‍ത്തിയില്ലെങ്കില്‍ വീണ്ടും ഇതാവര്‍ത്തിക്കും .
ഒരു മാസത്തേക്ക് മരുന്നും എഴുതി .
വീട്ടുകാര്‍ ഒരുപാട് ഉണ്ടായിരുന്ന എന്‍റെ ഗ്രന്ഥങ്ങള്‍ എല്ലാം എടുത്തു മാറ്റി .

ഞാന്‍ ബ്രഹ്മചര്യമൊക്കെ ഉപേക്ഷിച് ഗൃഹസ്ഥനായി .
പിന്നീട് എനിക്ക് അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എങ്കിലും പഴയ ഓര്‍മ്മകള്‍ ഇപ്പോഴും എന്നില്‍ ഉള്‍പ്പുളകം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു .

കുരൂരമ്മക്ക് കറിക്ക് വരെ ഭഗവാന്‍ കൊണ്ട് കൊടുത്തിരിക്കുന്നു .
എല്ലാം വിചിത്രമായ ലീലകളാക്കി ചെയ്യുന്ന ഭഗവാന് ഇതിലൊന്നും ഒരു കാര്യവുമില്ലായിരിക്കാം .
നേരമ്പോക്ക് എന്നതില്‍ കവിഞ്ഞു മറ്റു പലതും ഇല്ലേ എന്ന് ചിന്തിക്കാനും
പൂന്താനത്തിനെ പോലെയോ മേല്പ്പത്തൂരിനെ പോലെയോ മഹാ കാവ്യങ്ങള്‍ എഴുതാനും ഞാന്‍ അശക്തനാണ് .
ദേഹം മണ്ണോടു ചേര്‍ന്നാലും എന്‍റെ ദേഹി അപ്പോഴും പാടികൊണ്ടിരിക്കും .
'ഒരു രാഗമെങ്കിലും ഈശ്വരാ നീയീ
മുരളിയില്‍ ഊതുവതെങ്കില്‍ എന്ന്‍ .

ഹരി ഓം ....




 











അഭിപ്രായങ്ങളൊന്നുമില്ല: