pushpamgad.blogspot

pushpamgad.blogspot
സ്വാഗതം.

2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

രാമായണം മറ്റു മതങ്ങളില്‍ .

ലോകവ്യാപകമായി തന്നെ വേരുകളാഴ്ത്തി നില്‍ക്കുന്ന ഒരു വടവൃക്ഷമാണ് രാമായണം .
അതിന്‍റെ വിസ്തൃതി അറിയും തോറും ഒരു വിസ്മയം കൂടി നമ്മള്‍ കാണുന്നു .
എന്താണ് ആ വിസ്മയം ?

രാമായണം , ഉത്തര രാമായണം എന്നീ രണ്ടു ഭേദങ്ങള്‍ .
ഒന്ന് ശുഭ പര്യവസായിയും മറ്റൊന്ന് ശോക മൂകവും .
ഇതില്‍ ആദ്യഭാഗമാണ് രാമായണത്തിന്‍റെ മൂലം .
വാത്മീകി രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന മൂലരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന ബാലകാണ്ഡവും ഉത്തരകാണ്ഡവും  പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു കാണുന്നു .
ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നത് ഒരു തെളിവായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു .

രാമനെ വസിഷ്ഠന്‍ ബ്രഹ്മ വിദ്യ ഉപദേശിക്കുന്ന യോഗ വാസിഷ്ടം വളരെ പ്രസിദ്ധവും പ്രശസ്തവും ആണ് .

വേദങ്ങളില്‍ രാമായണകഥാപാത്രങ്ങളില്‍ ജനകനാണ് പ്രാധാന്യം .
വിദേഹരാജ്യത്തെ രാജാക്കന്മാരെയാണ് ജനകൻ എന്ന് വിളിക്കുന്നത് .
ജനകന്മാരിൽ ഏറ്റവും പ്രശസ്തനായ സീരധ്വജനാണ് രാമായണത്തിലെ നായികയായ സീതയുടെ  പിതാവ് .
വേദ പണ്ഡിതന്‍ ആയ ഇദ്ദേഹം യാജ്ഞവല്‍ക്യനില്‍ നിന്ന്‍ ബ്രഹ്മ വിദ്യ സ്വീകരിക്കുന്നത് പ്രശസ്തമാണല്ലോ . 
തൈത്തിരീയ ബ്രാഹ്മണം, ശതപഥ ബ്രാഹ്മണം, ബൃഹദാരണ്യകോപനിഷത്ത്, കൗഷീതകീ ഉപനിഷത്ത് ശാംഖായനാരണ്യകം തുടങ്ങിയവയിലെല്ലാം രാജര്‍ഷി എന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട 'ജനകന്‍' കടന്നുവരുന്നുണ്ട് .

ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ഒരു സ്ഥലത്ത് ഇക്ഷ്വാകുവിനെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. 
ഋഗ്വേദത്തിലെ ഒരു ദാനസ്തുതിയില്‍ മറ്റു രാജാക്കന്മാരോടൊപ്പം ദശരഥനെയും പ്രശംസിച്ചു കാണുന്നു.

'ചത്വാരിംശദ്ദശരഥസ്യ ശോണാഃ
സഹസ്രസ്യാഗ്രേ ശ്രേണിം നയന്തി'-
(ദശരഥന്റെ തവിട്ടുനിറമുള്ള 40 കുതിരകള്‍ ആയിരം കുതിരകളുടെ സംഘത്തിന് നേതൃത്വം നല്‍കുന്നു) എന്നാണത് .


ദ്രാവിഡഭാഷകളിലെ രാമകഥ സംബന്ധിച്ച ഏറ്റവും പ്രാചീനമായ കാവ്യഗ്രന്ഥം  കമ്പരുടെ രാമായണം ആണ്. ക്രി.വ. 12-ശതകത്തിലാണിത് രചിച്ചത്. 
വാല്മീകി രാമായണത്തിന്റെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ മുഴുവന്‍ കഥയും സ്വതന്ത്രരൂപത്തില്‍ വര്‍ണിക്കുകയും അനേകം പുതിയ വൃത്താന്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. 
തമിഴ് രാമായണത്തിന്റെ ഉത്തരകാണ്ഡം ഓട്ടക്കൂതനാണ് രചിച്ചത്.

പ്രാചീനകാലം മുതല്‍ ബൗദ്ധന്മാര്‍ പറഞ്ഞുവരുന്ന രാമായണകഥ ജാതകസാഹിത്യത്തില്‍ ഉണ്ട് . 
പ്രാചീന ബൗദ്ധസാഹിത്യത്തിലെ  രാമകഥയെ സംബന്ധിച്ച മൂന്നു ജാതകങ്ങള്‍  
ആണ് ദശരഥ ജാതകം, അനാമകം ജാതകം, ദശരഥകഥാനം എന്നിവ.

യോഗ സാധനകള്‍ കൊണ്ട്സമാധികള്‍ക്കും അപ്പുറത്തുള്ള അതീന്ദ്രിയ ജ്ഞാന തലത്തില്‍ എത്തിയിരുന്ന ബുദ്ധന്‍ തന്‍റെ എല്ലാ പൂര്‍വ്വ ജന്മങ്ങളെയും ദര്ശിചിട്ടുണ്ടായിരുന്നു .
അവ പിന്നീട് തന്‍റെ ശിഷ്യന്മാര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു .
അങ്ങിനെ അവര്‍ രേഖപ്പെടുത്തിയ ബുദ്ധന്‍റെ പൂര്‍വ ജന്മങ്ങള്‍ ജാതക കഥകള്‍ എന്നറിയപ്പെടുന്നു .
ജാതക കഥകളില്‍ അദ്ദേഹത്തിന്‍റെ പൂര്‍വ ജന്മത്തില്‍  ശ്രീരാമനായി അവതരിച്ചിരുന്ന  കാലം ആ കഥകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു .

അനാമകജാതകം ക്രി.വ. മൂന്നാം ശതാബ്ദത്തില്‍ കാങ്-സേങ്- ഹുയി ചീനഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. 
ഇതില്‍ രാമന്റെയും സീതയുടെയും വനവാസം, സീതാഹരണം, ജടായുവൃത്താന്തം, ബാലി-സുഗ്രീവ യുദ്ധം, സേതുബന്ധനം, സീതയുടെ അഗ്‌നിപരീക്ഷ ഇവയുടെയെല്ലാം സൂചന ലഭിക്കുന്നുണ്ട്.

ദശരഥ ജാതകം ഇങ്ങനെയാണ്  .
അതില്‍ ബനാറസിലാണ് ദശരഥന്റെ രാജധാനി.
പ്രധാന രാജ്ഞിയില്‍ അദ്ദേഹത്തിന് രണ്ട്പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. രാമപണ്ഡിതന്‍, ലക്കണന്‍, സീത എന്നിങ്ങനെയാണ് ആ പേരുകള്‍.
 ആദ്യ ഭാര്യ മരിച്ചപ്പോള്‍ ദശരഥന്‍ മറ്റൊരുവളെ വിവാഹം കഴിച്ചു. അതിലുണ്ടായ പുത്രനാണ് ഭരതന്‍.
ദശരഥന്റെ കാലശേഷം ഭരതനെ രാജാവാക്കണമെന്ന് രണ്ടാമത്തെ ഭാര്യ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
ആദ്യഭാര്യയിലെ മക്കള്‍ക്ക് ആപത്തുണ്ടാകരുതെന്ന് കരുതി ദശരഥന്‍ അവരോട് കാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു.
രാമപണ്ഡിതനും ലക്കണനും സീതയും കാട്ടിലെത്തി.
രാമപണ്ഡിതന്‍ അവിടെവെച്ച്  സന്യാസിയായി.
ഒമ്പത് വര്‍ഷത്തിന് ശേഷം ദശരഥന്‍ അന്തരിച്ചു.
ഭരതനെ രാജാവാക്കി വാഴിക്കാന്‍ രാജ്ഞി ശ്രമിച്ചു.
എന്നാല്‍ മന്ത്രിമാരും മറ്റും ഇതിനെ എതിര്‍ത്തു.
അതേത്തുടര്‍ന്ന് ഭരതന്‍ രാമപണ്ഡിതനെത്തേടി കാട്ടിലെത്തി.
സന്യാസിയായ രാമന്‍ തന്റെ പാദുകങ്ങള്‍ ഭരതനെ ഏല്‍പ്പിച്ച് രാജ്യം ഭരിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചു.
അച്ഛന്റെ ചരമവാര്‍ത്തയറിഞ്ഞ് ലക്കണനും സീതയും വാവിട്ടു കരഞ്ഞു. എന്നാല്‍ രാമപണ്ഡിതന്‍ മനഃസ്ഥൈര്യം കൈവിടാതെ അവരുടെ ദുഃഖത്തിന്റെ അര്‍ത്ഥശൂന്യത വെളിപ്പെടുത്താന്‍ ശ്രമിച്ചു.
പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തിനുശേഷം രാമപണ്ഡിതന്‍ സഹോദരീ-സഹോദരനോടൊപ്പം രാജ്യത്തേക്ക് തിരിച്ചുവന്നു.
രാമപണ്ഡിതനും സീതയും രാജ്യത്തെ രാജാവും രാജ്ഞിയുമായി വാഴിക്കപ്പെട്ടു.
ദശരഥ ജാതക പ്രകാരം രാമപണ്ഡിതനാണ് പുനര്‍ജ്ജന്മത്തില്‍  ബുദ്ധനായി അവതരിക്കുന്നത്. 

ബൗദ്ധന്മാരെപ്പോലെ ജൈനന്മാരും രാമായണകഥ സ്വന്തമാക്കിയിട്ടുണ്ട്. ബൗദ്ധന്മാര്‍ മഹാത്മാബുദ്ധനെ രാമന്റെ അവതാരമായി കണക്കാക്കുന്നു. ജൈനന്മാരാകട്ടെ രാമായണ കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ മതത്തില്‍ ശ്രേഷ്ഠമായ ഒരു സ്ഥാനംനല്‍കുന്നു. 
രാമനെയും ലക്ഷ്മണനെയും രാവണനെയും ജൈനമതാവലംബികളായി കരുതുക മാത്രമല്ല മൂന്നുപേരെയും ജൈനന്മാരുടെ ത്രിഷഷ്ടിമഹാപുരുഷന്മാരുടെ കൂട്ടത്തില്‍പെടുത്തിയിട്ടുമുണ്ട്.  
തീര്‍ഥങ്കരന്മാര്‍.  ചക്രവര്‍ത്തിമാര്‍,  ബലദേവന്മാര്‍.  വാസുദേവന്മാര്‍, പ്രതിവാസുദേവന്മാര്‍ എന്നിവരടങ്ങിയതാണ് ത്രിഷഷ്ടി മഹാപുരുഷന്മാര്‍. ഇവരുടെ ജീവചരിത്രങ്ങള്‍ക്ക്  ജൈനമതത്തില്‍ മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും സ്ഥാനമാണ് വഹിക്കുന്നത്. 
ലക്ഷ്മണനും രാമനും രാവണനും യഥാക്രമം എട്ടാമത്തെ ബലദേവനും വാസുദേവനും പ്രതിവാസുദേവനും ആണെന്ന് ജൈനര്‍ കരുതുന്നു .

വിമലസൂരിയുടെ പൗമാചാരിയമാണ് രാമയണത്തിന്റെ ജൈന വ്യാഖ്യാനങ്ങളില്‍ പ്രമുഖം.
വിദ്യാധരവംശത്തിന്റെ പിന്തുറക്കാരനായാണ് പൗമചരിതത്തില്‍ രാവണനെ അവതരിപ്പിക്കുന്നത്. 
വിദ്യാധരവംശത്തില്‍പ്പെട്ട മേഘവാഹനന്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ലങ്കയിലേക്കോടിപ്പോകുന്നതും അവിടെ "രാക്ഷസവംശം" സ്ഥാപിക്കുന്നതുമാണ് പൗമചരിതത്തിലെ പരാമര്‍ശം. 
ഇതേ വിദ്യാധരവംശത്തിന്റെ മറ്റൊരു ശാഖയാണ് വാനരവംശം. കിഷ്കിന്ധിയാണ് ഈ വംശത്തിന്റെ പ്രോദ്ഘാടകന്‍. 
വാനരവംശവും രാക്ഷസവംശവും തമ്മില്‍ വിവാഹബന്ധം നിലനിന്നിരുന്നു. വാനരവംശത്തിലെ ശ്രീപ്രഭയെ രാക്ഷസവംശത്തില്‍പ്പിറന്ന രാവണന്‍ വിവാഹം കഴിക്കുന്നുണ്ട്. 
ഹരിവംശത്തിലാണ് ജനകന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 
ഇക്ഷ്വാകു വംശത്തില്‍പ്പിറന്ന രാമനുമായുള്ള സീതയുടെ വിവാഹം ഹരിവംശത്തെ കൂടുതല്‍ പ്രശസ്തമാക്കി. 
രാവണന്‍ ക്ഷേത്രങ്ങളുടെ സംരക്ഷകനും ഉറച്ച മത വിശ്വാസിയുമായിരുന്നു എന്നാണ് "പൗമചരിയം" നല്‍കുന്ന സൂചന. 
ദശരഥന്‍ മതത്തിന്റെ വഴിയിലേക്ക് തിരിയുന്നു എന്ന് അറിയുമ്പോഴാണ് കൈകേയി തന്റെ മകനെ രാജാവാക്കണമെന്ന് നിര്‍ബന്ധിക്കുന്നത്. 
രാമനെ കാട്ടിലയക്കണമെന്ന് പൗമചരിതത്തില്‍ കൈകേയി ആവശ്യപ്പെടുന്നില്ല. എന്നാല്‍ ചില ക്ഷേത്രങ്ങള്‍ സംരക്ഷിക്കുക എന്ന ദൗത്യമേറ്റെടുത്തുകൊണ്ടാണ് പൗമചരിതത്തിലെ രാമന്‍ കാട്ടിലേക്ക് പോകുന്നത്.  
മാത്രമല്ല ജൈനരാമായണത്തില്‍ രാവണനെക്കൊല്ലുന്നത് ലക്ഷ്മണനാണ്. 
സീത രാവണന്റെ പുത്രിയാണെന്ന വ്യത്യാസവും ഇതിലുണ്ട്.


തായ്‌ലന്‍ഡിന്റെ ആദിമ നാമം സയാം എന്നാണ് .
ബുദ്ധമതമാണ് അവിടത്തെ രാഷ്ട്രമതം.
ബുദ്ധനാണ് തായ് ജനതയുട ആരാധനാമൂര്‍ത്തി. 
എന്നാല്‍, ബുദ്ധനെ ആരാധിക്കുന്നതിന് അവര്‍ക്ക് രാമായണവും രാമനും വിഷ്ണുവും വിഷ്ണുവാഹനമായ ഗരുഡനും നാഗങ്ങളുമെല്ലാം വേണം. 
ബാങ്കോക്കിലെ രാജകൊട്ടാരവളപ്പിലെ ഒരു രാജകീയ ക്ഷേത്രത്തിലെ പ്രതിഷ്ഠ മരതകബുദ്ധനാണ്. 
ഹിന്ദു സങ്കല്പങ്ങളിലുള്ള ഒരു രഥത്തിന്റെ മാതൃകയിലുള്ള സിംഹാസനത്തിലാണ് മരതകബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗരുഡന്‍ തായ്‌ലന്‍ഡുകാര്‍ക്ക് ഇപ്പോഴും ഏറെ പ്രിയങ്കരമായ ഒന്നാണ്.
രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കുന്ന തായ് ജനത, തങ്ങളുടെ രാജാവ് രാമന്റെ പ്രതിരൂപമാണെന്നു കരുതുന്നു.
രാമകിയേന (രാമകീര്‍ത്തി) എന്ന പേരിലാണ് അവിടത്തെ രാമകഥ അറിയപ്പെടുന്നത്. 
വാല്മീകിരാമായണത്തില്‍ ഇല്ലാത്തതും രാമകിയേനയില്‍ ഉള്ളതുമായ ഒരു പ്രധാന സംഭവമാണ് രാമന്റെയും സീതയുടെയും പൂര്‍വ്വാനുരാഗവര്‍ണ്ണന. 
സയാം ദേശമൊഴികെ മറ്റെങ്ങുമില്ലാത്ത ചില കഥകള്‍ രാമകിയേനയില്‍ കാണാം. 
സേതുബന്ധനത്തിനു മുമ്പ് രാവണന്‍ തപസ്സ്വിയുടെ വേഷത്തില്‍ രാമന്റെ അടുത്തെത്തുന്നതും യുദ്ധം ഉപേക്ഷിക്കുന്നതിന് അദ്ദേഹത്തോട് നിര്‍ബ്ബന്ധിക്കുന്നതുമായ കഥ ഒരു ഉദാഹരണം. രാവണന്റെ ഈ നിഷ്ഫലപ്രയത്‌നത്തിനുശേഷം ബേംജകായ (വിഭീഷണന്റെ പുത്രി) സീതയുടെ രൂപം ധരിച്ച് മൃതദേഹംപോലെ രാമന്റെ കൂടാരത്തിനടുത്തുള്ള നദിയില്‍ ഒഴുകിനടക്കുന്നു. 
വാല്മീകിരാമയണത്തില്‍ ഇല്ലാത്ത മറ്റൊരു രംഗം, രാവണന്‍ ബ്രഹ്മാവിനെ വിളിക്കുന്നു. 
ബ്രഹ്മാവ് ലങ്കയിലെത്തുന്നു. 
രാവണനോട് ബ്രഹ്മാവ് കാര്യങ്ങള്‍ തിരക്കുകയും രാവണന്‍ കുറ്റങ്ങള്‍ രാമന്റെ മേല്‍ ആരോപിക്കുകയും ചെയ്യുന്നു. ബ്രഹ്മാവ് രാമനെയും പിന്നീട് സീതയെയും വിളിക്കുന്നു. അവസാനം സീതയെ തിരിച്ചു കൊടുക്കുന്നതിന് ആജ്ഞാപിക്കുന്നു. 
ബ്രഹ്മാവ് രാവണനെ ശപിക്കുന്നു.
മറ്റൊരു രാമായണകഥയിലും കാണാത്ത മറ്റൊരു പ്രത്യേകത രാമകിയേനയില്‍ ഹനുമാന്റെ അനേകം പ്രേമലീലാവര്‍ണ്ണനകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ്. 
സ്വയംപ്രഭ, ബേംജകായ, നാഗകന്യകയായ സുവര്‍ണ്ണമഛ, അപ്‌സരസ്സായ വാനരയുവതി എന്നിവരെ കൂടാതെ ഹനുമാന്‍ മണ്‌ഡോദരിയോടൊന്നിച്ചും വിഹരിക്കുന്നു. 
മണ്‌ഡോദരിയുടെ സംജീവനയാഗം മുടക്കുന്നതിനുവേണ്ടി ഹനുമാന്‍ ദശകണ്ഠന്റെ രൂപത്തില്‍ മണ്‌ഡോദരിയുടെ അടുത്തെത്തി അവളെ ആലിംഗനം ചെയ്യുന്നു. 
മറ്റൊരവസരത്തില്‍ രാമനെ നിന്ദിക്കുകയും രാവണന്റെ ഭാഗത്തു ചേര്‍ന്ന് യുദ്ധം ചെയ്യുന്നതിനെപ്പറ്റി പ്രസ്താവിക്കുകയും ചെയ്യുന്നു. 
ഒരു ദിവസത്തേക്ക് ഹനുമാന്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ ചെയ്യുകയും സമ്മാനമായി ഇന്ദ്രജിത്തിന്റെ മുഴുവന്‍ സമ്പത്തും കൂടാതെ മണ്‌ഡോദരിയേയും രാവണനില്‍നിന്നും നേടിയിട്ട് രാത്രി മുഴുവന്‍ അവളോടൊന്നിച്ച് വിഹരിക്കുകയും ചെയ്യുന്നു.
16-ാം നൂറ്റാണ്ടില്‍ രാമജാതകം ലാവോ ഭാഷയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. 
ഈ കൃതിയനുസരിച്ചും രാമായണകഥ മുഴുവന്‍ നടന്നത് തായ്‌ലന്‍ഡിലാണ്. 
രാമനും രാവണനും പിതൃസഹോദര പുത്രന്മാരാണ്. 
രാമന് ലക്ഷ്മണന്‍ എന്നൊരു സഹോദരനും ശാന്തയെന്നു പേരുള്ള ഒരു സഹോദരിയുമുള്ളതായി ഈ കൃതി പ്രസ്താവിക്കുന്നു. 
രാവണന്‍ ശാന്തയെ അപഹരിക്കുകയും രാമലക്ഷ്മണന്മാരാല്‍ പരാജിതനാക്കപ്പെടുകയും ചെയ്യുന്നു. 
രാമായണകഥയെ ബൗദ്ധകഥയായി മാറ്റുന്നത് ഇവിടത്തെ രാമജാതകത്തിലും മറ്റും കാണാം. 
രാമന്‍-ബുദ്ധന്‍, രാവണന്‍-ദേവദത്തന്‍, ദശരഥന്‍ - ശുദ്ധോദനന്‍ - ലക്ഷ്മണന്‍ - ആനന്ദന്‍, സീത - ഉപ്പ - ലവണ്ണ (ഭിക്ഷുണി) തുടങ്ങി പുനര്‍ജ്ജന്മത്തിലൂടെ  രാമകഥയിലെയും ബൗദ്ധചരിത്രത്തിലെയും കഥാപാത്രങ്ങള്‍ അഭിന്നതമായിട്ടിരിക്കുന്നു .
രാമജാതകത്തിലും രാമകിയേനയിലും രാമകഥ സുഖപര്യവസായിയായിട്ടാണ് അവസാനിക്കുന്നത്.

സിംഹളരാമകഥയിൽ രാമൻ ഒറ്റക്കാണ്‌ വനവാസം നടത്തുന്നത്.
അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ സീത അപഹരിക്കപ്പെടുന്നു. ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ്‌.
ബാലി ലങ്കാദഹനം തടത്തി സീതയെ രാമന്റെ അടുക്കലെത്തിക്കുന്നു. രാവണന്റെ ചിത്രം കാരണം രാമൻ സീതയെ ത്യാഗം ചെയുന്നു.
സീതക്ക് ഒരു പുത്രൻ ജനിക്കുന്നു.
വാല്മീകി മറ്റു രണ്ടുപേരെക്കൂടി സൃഷ്ടിക്കുന്നു.
ഈ മൂന്നു പേരും പിന്നീട് രാമസേനയുമായി യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും പ്രസ്താവനയുണ്ട്.

ടിബറ്റിലെ രാമായണത്തില്‍ ദശരഥന് രണ്ടു പത്‌നിമാര്‍ മാത്രമാണുള്ളത്. 
വിഷ്ണു ഇളയ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ജനിക്കുകയും രാമന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യുന്നു. 
മൂന്നു ദിവസത്തിനു ശേഷം വിഷ്ണുവിന്റെ പുത്രന്‍ ജ്യേഷ്ഠത്തിയില്‍നിന്നു ജനിക്കുകയും ആ പുത്രന്‍ ലക്ഷ്മണന്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു.
സീത രാവണപുത്രിയായി കരുതപ്പെടുന്നു. 
രാവണന്റെ പട്ടമഹിഷിക്ക് ഒരു കന്യക ജനിക്കുന്നു. അവള്‍ തന്റെ പിതാവിനെ നശിപ്പിക്കുമെന്ന് അവളുടെ ജാതകത്തില്‍ എഴുതിയിട്ടുണ്ട്. 
തത്ഫലമായി അവള്‍ സമുദ്രത്തില്‍ എറിയപ്പെടുകയും രക്ഷപ്പെട്ടപ്പോള്‍ ഭാരതത്തിലെ കൃഷിക്കാരാല്‍ വളര്‍ത്തപ്പെടുകയും ചെയ്യുന്നു. 
ഇവളുടെ പേര് സീത എന്നാണ്.

രണ്ടു പുത്രന്‍മാരില്‍ ആര്‍ക്ക് രാജ്യം നല്‍കണമെന്നുള്ള തന്റെ പിതാവിന്റെ മാനസികസംഘര്‍ഷം മനസ്സിലാക്കിയ രാമന്‍ തന്റെ ഇഷ്ടമനുസരിച്ചുതന്നെ ഏതോ ആശ്രമത്തില്‍ തപസ്സുചെയ്യുന്നതിനു പോവുകയും ലക്ഷ്മണന് രാജ്യം കൊടുപ്പിക്കുകയും ചെയ്യുന്നു. കര്‍ഷകരുടെ നിര്‍ബ്ബന്ധപ്രകാരം രാമന്‍ തപസ്സുപേക്ഷിച്ച് സീതയെ വിവാഹം ചെയ്യുന്നു. 
അതിനുശേഷം രാജ്യഭരണം സ്വീകരിക്കുന്നു.
ടിബറ്റന്‍ രാമായണകഥയനുസരിച്ച് രാവണന്‍ ഭൂമി തുരന്ന് ആ ഭൂഭാഗത്തോടൊപ്പം സീതയെ എടുത്തുകൊണ്ടുപോവുകയാണു ചെയ്യുന്നത്. 
പിന്നീട് സീതാന്വേഷണം, വാനരന്മാരോട് സൗഹൃദം, ഹനുമാന്റെ ലങ്കാദഹനം മുതൽ രാവണ വധം വരെ കാണാം.

പഴയ ടര്‍ക്കിസ്ഥാന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ചേര്‍ന്ന സ്ഥലമാണ് ഖോത്താന്‍.
ഖോത്താന്‍രാമായണത്തിലും സീത ദശഗ്രീവന്റെ പുത്രിയാണ്. വനവാസകാലത്താണ് സീതയുടെ വിവാഹം നടക്കുന്നത്. ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന പ്രദേശത്ത് പ്രചരിച്ച രാമായണമായതുകൊണ്ടാവണം ഖോത്താനീരാമായണത്തില്‍ രാമനും ലക്ഷ്മണനും സീതയെ വിവാഹം ചെയ്യുന്നുണ്ട്.
ഈ രാമായണത്തില്‍ ഉത്തരകാണ്ഡമില്ല. 
സീത രാവണ പുത്രിയാണെന്ന നിര്‍ണയം, വനവാസകാലത്താണ് സീതയെ വിവാഹം കഴിച്ചതെന്ന കഥ, രാവണന്‍ രക്തത്തില്‍ കുതിര്‍ന്ന കല്ല് ജടായുവിനെ തീറ്റിക്കുന്നത്, ബാലി-സുഗ്രീവ യുദ്ധത്തില്‍ ജയിക്കേണ്ട വാനരന്റെ വാലില്‍ ദര്‍പ്പണം ബന്ധിക്കുന്നത്, രാവണന്റെ മര്‍മ്മത്തെപ്പറ്റി പറയുന്നത് എന്നിവ ടിബറ്റന്‍ രാമായണത്തിലും ഖോത്താനീരാമായണത്തിലും ഒരുപോലെയാണ്. 
ജാതകകഥകളിലെ ശൈലിപോലെ ബുദ്ധനാണ് കഥ പറയുന്നത്. ശാക്യമുനി ബുദ്ധമതം പ്രചരിപ്പിക്കുന്ന വര്‍ണനയുമായാണ് ഖോത്താനീ രാമായണം ആരംഭിക്കുന്നത്. 
ബുദ്ധമതകഥകളുമായി ബന്ധപ്പെട്ടാണ് ഇതിലെ കഥാഗതി. രാമന്റെ കാലത്ത് മുന്‍ ജന്മപ്രകാരം ബുദ്ധന്‍ രാമനും മൈത്രേയന്‍ ലക്ഷ്മണനുമായിരുന്നെന്ന് ഖോത്താനീരാമായണം പറയുന്നു.
ബൗദ്ധപ്രഭാവം കാരണം രാമനെ ചികിത്സിക്കുന്നതിലേക്ക് ബുദ്ധവൈദ്യനായ ജീവകന്‍ വിളിക്കപ്പെടുന്നു. 
അതുപോലെത്തന്നെ മുറിവേറ്റ രാവണന്‍ വധിക്കപ്പെടുന്നില്ല. അഹിംസയുടെ പ്രചാരകനായിരുന്ന ബുദ്ധന്‍ രാമനായിരുന്നപ്പോള്‍ ഹിംസ നടത്തിയില്ലേ എന്ന സന്ദേഹത്തെ ഇതിലൂടെ മറികടക്കുന്നു. 
മുറിവേറ്റ രാവണന്‍ നികുതി കൊടുക്കാമെന്ന് പ്രതിജ്ഞ ചെയ്യുകയും രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. 

ബാലി, ജാവ, സുമ്രാത്ര (സുമിത്ര), കംബോജം (കംബോഡിയ), ശ്യാമ (സയാം) മുതലായ പ്രദേശങ്ങളുള്‍പ്പെടുന്ന പ്രദേശമാണ് ഇന്‍ഡോനേഷ്യ. 
'രാമായണകകവിന'യാണ് ഇന്‍ഡോനേഷ്യയിലെ ഏറ്റവും പ്രാധ്യാന്യമുള്ള  രാമകഥാസംബന്ധിയുമായ സാഹിത്യസൃഷ്ടി.
വാല്മീകി രാമായണത്തില്‍നിന്ന് ഒട്ടേറെ ഭിന്നപാഠങ്ങള്‍ ഇതില്‍ കാണാം. ചില ഉദാഹരണങ്ങള്‍:
1. ചൂഡാമണിക്കു പുറമേ സീത ഹനുമാന്‍ വശം ഒരു എഴുത്തുകൂടി കൊടുത്തയയ്ക്കുന്നു.
2. വിഷ്ണു വരാഹമായി അവതരിച്ചപ്പോള്‍ ശബരിയുടെ മാല തിന്നുകയും മരിക്കുകയും ചെയ്തു. അപ്പോള്‍ ശബരി ആ ശവം തിന്നു. 
അതിനാല്‍ ശബരിയുടെ മുഖത്തിന് കറുപ്പുനിറം വന്നെന്ന് ശബരി, രാമനെ പറഞ്ഞുകേള്‍പ്പിക്കുന്നു. ഇനി തന്റെ മുഖം തുടച്ച് കറുപ്പുനിറം മാറ്റിത്തരാന്‍ ശബരി രാമനോട് അപേക്ഷിച്ചു. 
3. ഇന്ദ്രജിത്തിന്റെ ഏഴു പത്‌നിമാരെപ്പറ്റിയുള്ള പ്രസ്താവന ഇതില്‍ കാണാം. 
അവര്‍ തങ്ങളുടെ ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
4. ത്രിജടയ്ക്ക് രാമായണകകവിനയില്‍ താരതമ്യേന മഹത്തായസ്ഥാനം നല്‍കപ്പെട്ടിരിക്കുന്നു.


രാമായണത്തിന്  പ്രചാരമുള്ള  ഇന്തോനേഷ്യയിലെ മറ്റൊരു രാമായണ ഗ്രന്ഥമാണ്  'ഹികായത്ത് സെരിരാമ'.
ഹികായത്ത് സെരിരാമയില്‍ പത്തു തലയുള്ള രാവണനും ഇരുപതു തലയുള്ള രാവണനുമുണ്ട്. ഹികായത്ത് മഹാരാജയില്‍ പുലു നഗരത്തിനടുത്തുള്ള ദ്വീപിലേക്ക് നാടുകടത്തപ്പെട്ടതോടെ രാവണന്‍ കഠിനതപസ്സില്‍ മുഴുകി. അഗ്നികുണ്ഡത്തില്‍ തലവെച്ചായിരുന്നു തപസ്സ്. 
12 വര്‍ഷം കഴിഞ്ഞപ്പോള്‍ അല്ലാഹു ആദമിനെ തപസ്സിന്റെ ആവശ്യമെന്തെന്നറിയുവാന്‍ അയച്ചു. സ്വര്‍ഗ്ഗം, നരകം, ഭൂമി, സമുദ്രം എന്നിവയുടെ ആധിപത്യം തനിക്ക് വേണമെന്നായിരുന്നു രാവണന്റെ ആവശ്യം. അങ്ങനെ ആധിപത്യം തനിക്കു ലഭിക്കുകയാണെങ്കില്‍ താന്‍ ശാന്തനായിക്കൊള്ളാമെന്നും ഒന്നിനോടും കോപിക്കുകയില്ലെന്നും ആദമിനെ അറിയിച്ചു. 
ഇസ്‌ലാം മതസ്വാധീനം പതിഞ്ഞിട്ടുള്ള സരിരാമില്‍ ദശരഥന്റെ വംശാവലി ഇപ്രകാരമാണ്: ആദംനബി, ദശരഥരാമന്‍, ദശരഥചക്രവര്‍ത്തി.
ഹികായത്ത് സേരിരാമ വിസ്തൃതമായ ഒരു കൃതിയാണ്. രാവണചരിതം മുതല്‍ സീതാ ത്യാഗത്തിനുശേഷം രാമസീതാസംയോഗം വരെയുള്ള കഥ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ഇതില്‍ രാവണന്റെ ചിത്രത്തിന്റെ കഥ അല്‍പ്പം പരിവര്‍ത്തനവിധേയമായ രൂപത്തില്‍ ലഭിക്കുന്നു. രാവണവധത്തിനുശേഷം ശ്രീരാമന്‍ ലങ്കയില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് ഏഴു മാസമായി. 
രാവണന്റെ പുത്രിയുടെ അടുത്ത് അവളുടെ പ്രിയ പിതാവിന്റെ ചിത്രമുണ്ട്. 
അവള്‍ അത് ഉറങ്ങിക്കിടക്കുന്ന സീതയുടെ മാറില്‍ വെക്കുന്നു. സീത ഉറക്കത്തില്‍ ഈ ചിത്രം അറിയാതെ ചുംബിച്ചു കൊണ്ടിരിക്കുന്നു. 
ആ സമയത്തുതന്നെ രാമന്‍ അവളുടെ അടുത്തെത്തിച്ചേരുകയും ആ കാഴ്ച കണ്ടിട്ട് കോപാകുലനായി സീതയെ ചാട്ടകൊണ്ട് അടിക്കുകയും അവളുടെ മുടി മുറിച്ചുകളയുകയും ചെയ്യുന്നു. രാമന്‍ ലക്ഷ്മണനെ വിളിച്ചിട്ട് സീതയെ കൊന്നുകളയുന്നതിനും തെളിവിനായി അവളുടെ ഹൃദയം കൊണ്ടുവരുന്നതിനും ആജ്ഞാപിക്കുന്നു. 
ലക്ഷ്മണന്‍ സീതയോടൊന്നിച്ചു പോകുന്നു. അയാള്‍ സീതയെ വധിച്ചുവെന്ന് രാമനെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു.
മറ്റൊരു കൃതിയാണ് ശ്രീരാമ പാതായനി രാമായണം. 
ഇതില്‍ സേരിരാമയിലെ അനേകം കഥാപാത്രങ്ങള്‍ക്ക് മഹാസികു എന്നു പേരുള്ള തപസ്വിയുമായി ബന്ധമുണ്ട്. 
മഹാസികുവിന്റെ നാലു സന്താനങ്ങളെപ്പറ്റി ഇതില്‍ പറയുന്നു: ഒരു പുത്രി, ബാലി, സുഗ്രീവന്‍, ബിലോം. 
മഹാസികുവിന്റെ ദത്തുപുത്രിയായ മന്ദൂദകിയുടെ കഥയാണ് ഇതിന്റെ രണ്ടാംഭാഗത്തിലെ ഉള്ളടക്കം. 
മന്ദൂദകി രാവണനെ വിവാഹം കഴിക്കുകയും അവളുടെ ഗര്‍ഭത്തില്‍നിന്നും സീത ജനിക്കുകയും ചെയ്യുന്നു. 
ഹികായത് മഹാരാജരാവണമെന്ന കൃതിയില്‍ പറയുന്നതനുസരിച്ച് രാവണന്‍ ഇപ്പോഴും മരിച്ചിട്ടില്ല. കല്പാന്തത്തില്‍ വീണ്ടും ഭഗവാന്റെ ശത്രുവായി രാവണന്‍ പ്രത്യക്ഷപ്പെടുമത്രേ.

ദശരഥമഹാരാജാവിന് രണ്ടു സേവകരുണ്ടായിരുന്നു - കിയാവു, ഇതോംഗ് എന്നാണവരുടെ പേരുകള്‍. 
ഒരു പുതിയ രാജധാനി പണിയാന്‍ പറ്റിയ സ്ഥലമന്വേഷിച്ച് രാജാവ് കിയാവുവിനെയും ഇതോങ്ങിനെയും അയച്ചു. വനത്തില്‍ അവര്‍ കണ്ടുപിടിച്ച സ്ഥലത്ത് ഒരു മുളങ്കാട് വെട്ടിമാറ്റാന്‍ ശ്രമിച്ച് പരാജയപ്പെടുന്നു. 
വെട്ടുന്ന ഓരോ മുളങ്കുറ്റിയും അടുത്ത നിമിഷം വീണ്ടും വളര്‍ന്നു വരുന്നു. 
ഒടുവില്‍ ദശരഥമഹാരാജാവുതന്നെ എത്തി തന്റെ വാളുകൊണ്ട് മുള വെട്ടി മാറ്റി. 
അതിന്റെ കുറ്റിയില്‍നിന്നും പുത്തേരി ബുലു ബെത്തോ എന്നുപേരുള്ള ഒരു സുന്ദരി ഇറങ്ങിവന്നു.
പുത്തേരി ബുലുബെത്തോങ് എന്നാല്‍ മുളങ്കാടിന്റെ പുത്രി. 
സുന്ദരിയെ രാജാവ് വിവാഹം കഴിച്ച് പുതിയ ഒരു പേരു നല്‍കി, മണ്ഡൂദര. 
പുതിയ രാജധാനിക്ക് മണ്ഡൂദരീനഗരമെന്നും പേരിട്ടു. മണ്ഡൂദരിക്ക് രണ്ടു പുത്രന്മാര്‍ ജനിച്ചു. 
സെരിരാമനും ലക്ഷ്മണനും. 
ദശരഥന്റെ മറ്റൊരു പത്‌നിയായ ബലിദരിക്കും രണ്ടു പുത്രന്മാര്‍ - ബര്‍ദന്‍, ചത്തര്‍ദന്‍.
മണ്ഡൂദരീനഗരത്തിന്റെ അയല്‍രാജ്യത്തെ രാജാവായിരുന്നു രാവണ മഹാരാജാവ്. അദ്ദേഹത്തിന്റെ പത്‌നി മണ്ഡൂദകി. 
ഈ രാജാവിനും രണ്ടു സേവകര്‍ - അയ്‌മെങ്, അയ്തിങ്. രാവണനും മണ്ഡൂദകിക്കും ഒരു പുത്രി ജനിച്ചപ്പോള്‍ ആ കുട്ടി രാജ്യത്തിന് ഒരു ശാപമാണെന്ന് ജ്യോത്സ്യന്മാര്‍ പറഞ്ഞു. മാത്രമല്ല, അവളുടെ ഭര്‍ത്താവ് രാവണനെ വധിക്കുമെന്നും അവര്‍ പ്രവചിച്ചു. കുഞ്ഞിനെ നിലത്തടിച്ചു കൊല്ലാന്‍ തുനിഞ്ഞ രാവണനെ അതില്‍നിന്നും മണ്ഡൂദകി പിന്തിരിപ്പിച്ചു. 
പകരം കുഞ്ഞിനെ ഒരു പെട്ടിയിലാക്കി കടലിലെറിഞ്ഞു. 
പെട്ടി ഒഴുകി, മഹര്‍ഷികാല എന്ന സൂര്യഭക്ത രാജാവ് ഭരിക്കുന്ന ദുര്‍വ്വാതപൂര്‍വ്വ എന്ന രാജ്യത്തിന്റെ തീരത്തെത്തി. മഹര്‍ഷികാല രാജാവിനുമുണ്ട് രണ്ടു സേവകര്‍. 
അയ്‌തോങ്ങും നൂനൂയിയും. അവരെക്കൊണ്ട് പെട്ടിയെടുപ്പിച്ച് കൊട്ടാരത്തിലെത്തിയ രാജാവ് കുഞ്ഞിന് സീതാദേവിയെന്ന പേരിട്ടു മകളായി വളര്‍ത്തി.
നാമകരണദിവസംതന്നെ, ഒരു വടിയെടുത്ത് മണ്ണില്‍ കുത്തി നിര്‍ത്തിയിട്ട് രാജാവ് പ്രഖ്യാപിച്ചു - ഈ വടി പറിച്ചു മാറ്റുന്നവനേ സീതാദേവിയെ വിവാഹം ചെയ്തു കൊടുക്കൂ. സീതാദേവിക്കു വിവാഹ പ്രായമായപ്പോള്‍ മഹര്‍ഷികാല രാജാവ് എല്ലാ രാജകുമാരന്മാരെയും ക്ഷണിച്ചു. 
അവര്‍ക്കാര്‍ക്കും വടി പറിച്ചു മാറ്റാന്‍ സാധിച്ചില്ല. അപ്പോഴാണ് ദശരഥരാജാവിന്റെ മക്കള്‍ എത്തിയില്ലല്ലോ എന്ന് മഹര്‍ഷികാല ശ്രദ്ധിച്ചത്. അയ്‌തോങ്ങും നൂനൂയിയും ഉടനെ മണ്ഡപുരി നഗരത്തിലെത്തി. 
ദശരഥന്‍ ബര്‍ദനെയും ചത്തര്‍ദനെയും അവരോടൊപ്പം അയയ്ക്കാന്‍ കല്‍പ്പിച്ചു.
അയ്‌തോങ്ങും നൂനൂയിയും രാജകുമാരന്മാരോടു പറഞ്ഞു: ദുര്‍വ്വാതപൂര്‍വ്വത്തിലെത്താന്‍ നാലു മാര്‍ഗ്ഗങ്ങളുണ്ട്. 
ഒരു മാര്‍ഗ്ഗത്തിലൂടെ പതിനേഴു ദിവസമെടുക്കും; വഴിയില്‍ ജെകിന്‍ എന്നൊരു രാക്ഷസിയുണ്ട്. 
രണ്ടാമത്തെ മാര്‍ഗ്ഗം ഇരുപതു ദിവസമെടുക്കും; വഴിയില്‍ കാണ്ടാമൃഗം ഉണ്ട്. 
മൂന്നാംവഴിയില്‍ മുപ്പത്ദിവസം; വഴിയില്‍ വ്യാളിയുണ്ട്. നാലാമത്തേത് നാല്‍പ്പതു ദിവസം; അപകടമൊന്നുമില്ല. 
ബര്‍ദനും ചത്തര്‍ദനും നാലാമതു മാര്‍ഗ്ഗം തിരഞ്ഞെടുത്തു. 
അവര്‍ ധീരന്മാരല്ലെന്നു കണ്ട് അയ്‌തോങ്ങും നൂനൂയിയും ദശരഥനെ ചെന്നുകണ്ട് സെരിരാമനെയും ലക്ഷ്മണനെയും അയയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു. 
അവര്‍ നാലു മാര്‍ഗ്ഗത്തിലൂടെയും സഞ്ചരിച്ച് രാക്ഷസിയെയും കാണ്ടാമൃഗത്തെയും വ്യാളിയെയും കൊന്ന് ദുര്‍വ്വാതപൂര്‍വ്വത്തെത്തി. 
നിലത്തു നാട്ടിയിരുന്ന വടി സെരിരാമന്‍ വലിച്ചൂരി സീതാദേവിയെ വിവാഹം കഴിച്ചു. 
അവിടെ കുറെക്കാലം താമസിച്ചു.
ഒടുവില്‍ സീതാദേവിയും ലക്ഷ്മണനും സേവകരായ അയ്‌തോങ്ങും നൂനൂമിയുമൊന്നിച്ച് സെരിരാമന്‍ ദുര്‍വ്വാതപൂര്‍വ്വ വിട്ടു. 
എന്നാല്‍ മണ്ഡപുരി നഗരത്തില്‍ ബര്‍ദനെ രാജാവാക്കിയതായി അറിഞ്ഞ് വനത്തിലൂടെ അലഞ്ഞുതിരിയാന്‍ തീരുമാനിച്ചു. ഒരിക്കല്‍ ദാഹിച്ചു നടക്കുമ്പോള്‍ അസ്താനമഹര്‍ഷി രണ്ടു കുളങ്ങളെക്കുറിച്ചു പറഞ്ഞുകൊടുത്തു. 
കലങ്ങിയ കുളത്തിലെ വെള്ളം കുടിക്കണമെന്നും തെളിഞ്ഞ കുളത്തിലെ വെള്ളം കുടിച്ചാല്‍ കുരങ്ങായി മാറിപ്പോകുമെന്നും മഹര്‍ഷി മുന്നറിയിപ്പു നല്‍കി. 
എന്നാല്‍ ഇതു മറന്ന് സെരിരാമനും സീതാദേവിയും തെളിഞ്ഞ വെള്ളം കുടിച്ച് കുരങ്ങുകളായി. 
താമസിയാതെ പെണ്‍കുരങ്ങു ഗര്‍ഭവതിയായി. 
ഇരുവരെയും ലക്ഷ്മണന്‍ പിടികൂടി കലങ്ങിയ കുളത്തില്‍ മുക്കി മനുഷ്യരാക്കി മാറ്റി.
പക്ഷേ, കുരങ്ങുഗര്‍ഭം എന്തുചെയ്യും? 
അതു സീതാദേവി ഛര്‍ദ്ദിച്ചുകളഞ്ഞു. 
സമുദ്രത്തില്‍ മത്സ്യരൂപിണിയായി തപസ്സു ചെയ്യുന്ന അഞ്ജാതിദേവിയുടെ വായില്‍ അതു കൊണ്ടുപോയി ലക്ഷ്മണന്‍ നിക്ഷേപിച്ചു. 
അഞ്ജാതി ദേവിക്കു ജനിച്ച വാനരശരീരിയായ പുത്രന് ഹനുമാനെന്നു പേരിട്ടു.
ഇതിനിടയില്‍, സെരിരാമനും കൂട്ടരും ഒരു രാക്ഷസിയെ വധിച്ച് അയാളുടെ രാജ്യം കൈക്കലാക്കി, അവിടെ വാണു. അങ്ങനെയിരിക്കെ, സീതാദേവിയുടെ സൗന്ദര്യത്തെക്കുറിച്ചു കേട്ടറിഞ്ഞ രാവണന്‍ അവരെ തട്ടിയെടുക്കാന്‍ പദ്ധതി തയ്യാറാക്കി. 
തന്റെ സേവകരായ അയ്ത്തിങ്ങിനെയും അച്‌മെങ്ങിനെയും ഒരു സ്വര്‍ണ്ണമാനും വെള്ളിമാനുമാക്കി അയച്ച് വാല്മീകിരാമായണത്തിലെ കഥയിലെന്നപോലെത്തന്നെ സീതാദേവിയെ തട്ടിക്കൊണ്ടുപോയി.
സീതാദേവിയെ അന്വേഷിച്ചു യാത്രയായ അവര്‍ വഴിയില്‍വെച്ച് ഒരു മരത്തിന്റെ മുകളിലിരുന്ന സുഗ്രീവന്‍ എന്ന കുരങ്ങുമായി സഖ്യത്തിലായി. 
സുഗ്രീവന്‍ തന്റെ 'അനുജന്‍' ബെലിയ രാജായെ ഭയന്നു കഴിയുകയായിരുന്നു. ബെലിയ രാജായെ സെരിരാമന്‍ അമ്പെയ്തു കൊന്നു. തുടര്‍ന്നാണ് ഹനുമാനെ കണ്ടെത്തുന്നത്. അറപ്പുളവാക്കുന്ന ഹനുമാന്‍ കഥയില്‍ തന്റെ മാതാവ് അഞ്ജാതി ദേവിയാണെന്ന് പറഞ്ഞപ്പോള്‍ ഈ വൃത്തികെട്ട കുരങ്ങ് തന്റെ പുത്രനാണെന്നു സെരിരാമനു മനസ്സിലായി. എന്നാല്‍, അദ്ദേഹം നിശ്ശബ്ദനായിരുന്നതേയുള്ളൂ.
സീതാദേവിയെ അന്വേഷിച്ചു പോകണമെങ്കില്‍ തന്നോടൊപ്പം ഒരേ ഇലയില്‍നിന്നും സെരിരാമന്‍ ഭക്ഷണം കഴിക്കണമെന്ന് ഹനുമാന്‍ ആവശ്യപ്പെട്ടു. 
കുളിച്ചു വരാമെങ്കില്‍ ആവാമെന്നു സെരിരാമന്‍ സമ്മതിച്ചു. 
ലങ്കാപുരിയിലെത്തിയ ഹനുമാന്‍ കൊട്ടാരസേവകരുടെ കൂടെക്കൂടി സീതാദേവിക്കു കുളിക്കാന്‍ വെള്ളം കൊണ്ടുപോകുന്നു എന്ന ഭാവത്തില്‍ അവരെ ചെന്നുകണ്ട് അടയാളമോതിരവും സന്ദേശവും നല്‍കി. 
തുടര്‍ന്ന് ലങ്ക ദഹിപ്പിച്ചു മടങ്ങി.
സെരിരാമനും വാനരസേനയും സേതുബന്ധനം നടത്തി ലങ്കാപുരിയിലെത്തി യുദ്ധമാരംഭിച്ചു. 
രാവണന്റെ പുത്രന്‍ ഇന്ദ്രജിത്ത് മേഘങ്ങളില്‍ മറഞ്ഞിരുന്ന് അമ്പെയ്തു. 
ആകാശത്തേക്ക് അമ്പയച്ച് സെരിരാമന്‍ അയാളെ വധിച്ചു. പിന്നീടുള്ള രാവണനുമായുള്ള യുദ്ധത്തില്‍ ഭാരതീയ കഥയിലെപ്പോലെ ആഗ്നേയാസ്ത്രമുണ്ട്, എന്നാല്‍ അറ്റത്ത് പന്തം കെട്ടിയ ഒരമ്പു മാത്രമാണത്. 
രാവണന്റെ ഓരോ തലയും അരിഞ്ഞുവീഴ്ത്തുമ്പോള്‍ പുതിയ തല ഉയര്‍ന്നുവരുന്നതു കണ്ട സെരിരാമന്‍ കുഴങ്ങി. 
ഇതിന്റെ രഹസ്യമന്വേഷിച്ച് ഹനുമാന്‍ സീതാദേവിയെ രഹസ്യമായി ചെന്നുകണ്ടു. 
രാവണനു പത്തു തലകളുണ്ടെന്നും അതില്‍ വലതുചെവിയുടെ പിന്നിലായുള്ള ഏറ്റവും ചെറിയ തലയില്‍ കൃത്യമായി അമ്പെയ്താല്‍ അയാള്‍ മരിക്കുമെന്നും സീതാദേവി പറഞ്ഞുകൊടുത്തു. 
അങ്ങനെ രാവണനെ വധിച്ച് സീതാദേവിയെ അഗ്നിപരീക്ഷയ്ക്കു വിധേയമാക്കി സെരിരാമന്‍ സ്വീകരിച്ചു.14
ദക്ഷിണപൂര്‍വ്വേഷ്യയിലെ രാമായണകഥകളില്‍, ഭാരതീയ മുഖ്യധാരാകഥയുമായി ഏറ്റവും വ്യത്യസ്തം കേദായിലെ കഥയ്ക്കാണ്. 
അവിടത്തെ ഒരു പാഠമനുസരിച്ച് രാവണന്‍ ദശരഥമഹാരാജാവിന്റെ ഭാര്യ മാണ്ഡൂദാരിയെ അപഹരിക്കുന്നു. മാന്യനായ ഒരതിഥിയുടെ വേഷത്തില്‍ രാവണന്‍ ദശരഥന്റെ കൊട്ടാരത്തില്‍ കടന്നുകൂടി. 
തക്കംനോക്കി സുന്ദരിയായ മാണ്ഡൂദാരിയെ ബലാത്കാരത്തിന് ശ്രമിച്ചു. 
വിദഗ്ധയായ മാണ്ഡൂദാരി സ്വന്തം ശരീരത്തില്‍നിന്നും അതീവസുന്ദരിയായ മറ്റൊരു മാണ്ഡൂദാരിയെ സൃഷ്ടിച്ച് രാവണനില്‍നിന്നും രക്ഷനേടി. തുടര്‍ന്ന് സ്വദേശത്തേക്കു പോകുന്ന രാവണനെ കശ്യപന്‍ സത്യാവസ്ഥ തെര്യപ്പെടുത്തി. അപമാനിതനായ രാവണന്‍ കശ്യപനെ അവഹേളിക്കുവാന്‍ ശ്രമിച്ചു. 
ഈ ഘട്ടത്തില്‍ കശ്യപന്‍ ഇങ്ങനെ ശപിച്ചു: 'ഒരു മനുഷ്യനോ ഒരു കുരങ്ങോ നിന്നെ കൊലപ്പെടുത്തും.' അനന്തരം കൃത്രിമ മാണ്ഡൂദാരി സുന്ദരിയായ ഒരു മകളെ പ്രസവിച്ചു. 
ഈ കുഞ്ഞു നിമിത്തം രാവണനും രാക്ഷസവംശവും നശിക്കുമെന്ന് ലങ്കയിലെ പ്രവാചകന്മാര്‍ ഉറപ്പിച്ചു പറഞ്ഞു. തന്നിമിത്തം രാവണനിര്‍ദേശപ്രകാരം കുഞ്ഞിനെ ഒരു പേടകത്തിലടച്ച് സമുദ്രത്തിലേക്കു വലിച്ചെറിഞ്ഞു. 
പിന്നീടുള്ള കഥ മറ്റു ചില പാഠങ്ങളില്‍ കാണുന്നതുപോലെ സംഭവിക്കുകയും രാവണനിഗ്രഹം സംഭവിക്കുകയും ചെയ്തു.

ഫിലിപ്പൈന്‍ രാമകൃതികളില്‍ ഏറെ പ്രസിദ്ധമാണ് മഹാരാധ്യാലാവണ.'  ഈ കൃതിയനുസരിച്ച് പുലുബന്ത്യാര്‍ വംശത്തിലെ സുല്‍ത്താന്റെ മകനാണ് രാവണന്‍. 
ഏറെ ദുഷ്ടതകള്‍ കാണിച്ച ഈ മകനെ ശല്യം നിമിത്തം പുലു നഗരത്തിനടുത്ത ഒരു ദ്വീപിലേക്ക് സുല്‍ത്താന്‍ നാടുകടത്തി. അവിടെയും രാവണന്‍ കടുത്ത അതിക്രമങ്ങള്‍ പ്രവര്‍ത്തിച്ചു. ജനങ്ങളെ ദ്രോഹിച്ചു. 
കാടുകള്‍ക്ക് തീവെച്ചു. ഈ വേളയില്‍ തീപിടിച്ച ഒരു പച്ചമരം പൊട്ടിക്കരഞ്ഞു. ഈ വൃത്താന്തം ജിബ്‌രീല്‍ (ഗബ്രിയേല്‍) എന്ന മലക്ക് (മാലാഖ) ട്യൂഹൈന്‍ ദൈവത്തിന്റെ അടുത്തുചെന്ന് അറിയിച്ചു. 
ദൈവം പറഞ്ഞു: 'പുലുബന്ത്യാറിലെ മാസിറിലെ മൂര്‍ച്ചയേറിയ ഖഡ്ഗം കൊണ്ടല്ലാതെ രാവണനെ വധിക്കുക സാദ്ധ്യമല്ല.' ഈ കൃതി പ്രകാരം രാവണന് എട്ടു തലകളാണുള്ളത്.
അഗാമാനിയോഗ് എന്ന രാജവംശത്തിലെ സുല്‍ത്താന്റെ പുത്രന്മാരാണ് 'മഹാരാധ്യാലാവണ'പ്രകാരം ശ്രീമാനും (മന്‍ഗാന്തിരി) ലക്ഷ്മണനും (മന്‍ഗാവര്‍ണ). 
പുലുനബാണ്ഡിയാ സുല്‍ത്താന്റെ മകളാണ് സീത (ടുവാന്‍ പോട്രി മലാനോ ടിഹൈയ്യാ). 
ഈ കൃതിയില്‍ ഹനുമാന്റെ പേര് ലക്ഷ്മണന്‍ എന്നാണ്. മറ്റൊരു രാജ്യത്തേയും രാമായണങ്ങളില്‍ ഈയൊരു പേരുമാറ്റമില്ല. 
രാമനും സീതയ്ക്കും ഈ പാഠത്തില്‍ സന്താനങ്ങളില്ല. അതിനാല്‍ ലവകുശന്മാരുടെ കഥ ഇതിലില്ല. 
മറ്റൊരു പാഠപ്രകാരം ലക്ഷ്മണന്‍ രാമന്റെ അനുജനല്ല; ജ്യേഷ്ഠനാണ്. 

ഇനിയും അങ്ങിനെ രാമായണത്തിന് പാഠഭേദങ്ങള്‍ ഏറെ .
ഓരോന്നും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു . 






  

അഭിപ്രായങ്ങളൊന്നുമില്ല: